ന്യൂഡല്‍ഹി: ഹാരപ്പന്‍ സംസ്‌കാരത്തിലെ അതിപുരാതന പട്ടണമായ ധോലാവിര യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടി. ഇപ്പോഴത്തെ ഗുജറാത്തിലാണ് ധോലാവിര സ്ഥിതി ചെയ്യുന്നത്. ധോലാവിര പൈതൃകപട്ടികയില്‍ ഇടം നേടിയ വിവരം യുനെസ്‌കോ തങ്ങളുടെ ഔദ്യോഗ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു.

ചൈനയിലെ ഫുസോഹുവില്‍ ചേര്‍ന്ന 44-ാമത് യുനെസ്‌കോ ലോക പൈതൃക സമിതിയുടെ യോഗത്തില്‍ തെലങ്കാനയില്‍നിന്നുള്ള കക്കാത്തിയ രുദ്രേശ്വര(രാമപ്പ) ക്ഷേത്രവും പട്ടികയില്‍ ഇടം നേടി. ഇതോടെ രാജ്യത്തുനിന്ന് യുനെസ്‌കോ പൈതൃകപട്ടികയില്‍ ഇടം നേടിയവയുടെ എണ്ണം 40 ആയി ഉയര്‍ന്നു.

Ramappa
കക്കാത്തിയ രുദ്രേശ്വര(രാമപ്പ) ക്ഷേത്രം | Photo: A.P. 

'ഇന്ത്യയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. ഇതോടെ ലോക പൈതൃകപട്ടികയില്‍ സൂപ്പര്‍ 40 ക്ലബിലേക്ക് ഇന്ത്യയും എത്തിച്ചേര്‍ന്നിരിക്കുന്നു. 2014 ശേഷം രാജ്യത്തുനിന്നും 10 പൈതൃക സ്ഥാപനങ്ങള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്'-കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. ബി.സി. മൂന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനുമിടയില്‍ തെക്കന്‍ ഏഷ്യയില്‍ നിലനിന്നിരുന്ന സവിശേഷവും പരിരക്ഷിക്കപ്പെട്ടതുമായ പുരാതനനഗരമാണ് ധോലാവിരയെന്ന് യുനെസ്‌കോ പറഞ്ഞു. 

1968-ലാണ് ധോലാവിര കണ്ടെത്തുന്നത്. ജലവിതരണ സംവിധാനം, വിവിധ തലങ്ങളായുള്ള സുരക്ഷാ സംവിധാനം, കല്ലറകളുടെയുള്‍പ്പടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കല്ലുകളുടെ വിശാലമായ ഉപയോഗം എന്നിവയിലെല്ലാം ഈ അതിപുരാതന നഗരം വ്യത്യസ്ത പുലര്‍ത്തുന്നു. ചെമ്പ്, കല്ല്, വിശേഷപ്പെട്ട കല്ലുകളുപയോഗിച്ചുള്ള ആഭരണങ്ങള്‍, സ്വര്‍ണം, ആനക്കൊമ്പ് എന്നിവ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Harappan city Dholavira in Gujarat gets unesco world heritage site tag