ഹിമന്ത ബിശ്വശർമ | Photo: PTI
ഗുവാഹാത്തി: അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും പക്ഷേ, തന്റെ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അനുവദിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. അസം-മിസോറാം അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞു.
" എനിക്കെതിരെ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെങ്കില്‍ ഞാനതില്‍ സന്തുഷ്ടനാണ്. ഏത് പോലീസ് സ്റ്റേഷനിലും ഹാജരാകാന്‍ തയ്യാറുമാണ്. പക്ഷേ, ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് എതിരായ അന്വേഷണം അനുവദിക്കില്ല."- ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. ക്വാറന്റീന് പൂര്‍ത്തിയാക്കിയ ശേഷം വിളിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ ഉറപ്പ് നല്‍കിയതായും അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രിക്കെതിരേ കേസെടുത്ത നടപടി പുനഃപരിശേധിക്കുമെന്ന് മിസോറാം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാങ്കോ വ്യക്തമാക്കിയിരുന്നു. ഹിമന്ത ബിശ്വശര്മക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി താനും മിസോറം മുഖ്യമന്ത്രി സോറംതംഗയും അറിഞ്ഞിരുന്നില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.
അസം മുഖ്യമന്ത്രിക്കെതിരേ കേസെടുത്ത പോലീസ് നടപടി പുനഃപരിശോധിക്കണമെന്ന് മീസോറാം മുഖ്യമന്ത്രി സോറംതംഗയും നിര്‍ദേശിച്ചിരുന്നു. കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും നിയമപരമായ അടിത്തറയില്ലെങ്കില്‍ അസം മുഖ്യമന്ത്രിയുടെ പേര് എഫ്ഐആറില്‍ നിന്ന് ഒഴിവാക്കുമെന്നും ലാല്‍നുന്‍മാവിയ പറഞ്ഞിരുന്നു.
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ജൂലായ് 30നാണ് അസം മുഖ്യമന്ത്രിക്കെതിരേയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരേയും മിസോറാം പോലീസ് കേസെടുത്തത്. കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു എഫ്ഐആര്‍. ജൂലായ് 26ന് അസമിലെ കച്ചര്‍ ജില്ലയ്ക്കും മിസോറമിലെ കോലാസിബ് ജില്ലയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ അസം പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..