ലക്നൗ: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്നും ദേശിയ പാര്‍ട്ടി എന്ന പദവി എടുത്തുകളയണമെന്നും ബി.ജെ.പി. പാര്‍ട്ടി ചിഹ്നത്തെ മതവുമായി ബന്ധിപ്പിച്ചുവെന്നാണ് ബി.ജെ.പിയുടെ പരാതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസിനും പാര്‍ട്ടി വൈസ് പ്രസിഡന്റിനുമെതിരെ ബി.ജെ.പി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ജനുവരി 11ന് ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയെ ശിവജി, ഗുരുനാനാക്, ബുദ്ധന്, മഹാവീരന് തുടങ്ങിയവരുമായി ബന്ധിച്ചിച്ച് പരാമര്‍ശം നടത്തി എന്നാണ് ബി.ജെ.പിയുടെ പരാതി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ പെരുമാറ്റച്ചട്ടം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും ബി.ജെ.പി ആരോപിച്ചു. രാഹുലിന്റെ പ്രസംഗത്തിന്റെ സിഡിയും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. 1968ലെ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച നിയമം ഇതിന് ബാധകമാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് കൈപ്പത്തി എല്ലാ മതങ്ങളിലുമുണ്ടെന്ന് രാഹുല്‍ പറഞ്ഞത്. ഒരു മതത്തില്‍പ്പെട്ട ജനങ്ങളും ഗവണ്മെന്റിനെ ഭയപ്പെടേണ്ടതില്ലെന്നും കോണ്‍ഗ്രസ് നിങ്ങളുടെ കൂടെയുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.