ന്യൂഡല്‍ഹി: പാകിസ്താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക് അധീന കശ്മീര്‍ ഇന്ത്യക്ക് വിട്ട് തരണമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവലെ. പാകിസ്താന്‍ സ്വയം നല്ലത് ആഗ്രഹിക്കുന്നുവെങ്കില്‍, യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വന്തം രാജ്യത്തിന്റെ താത്പര്യം മുന്‍ നിര്‍ത്തി പാക് അധീന കശ്മീര്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യക്ക് വിട്ട് തരാന്‍ തയ്യാറാകണം.

പാക് അധീന കശ്മീരിലെ ആളുകള്‍ അസന്തുഷ്ടരാണ്. അവര്‍ക്ക് പാകിസ്താനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഢില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച് പാകിസ്താന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. അധീന കശ്മീര്‍ പാകിസ്താന്‍ വിട്ട് തരികയാണെങ്കില്‍ നമുക്ക് അവിടെ നിരവധി വ്യവസായങ്ങള്‍ ആരംഭിക്കാനാകും. വ്യാപാരത്തില്‍ പാകിസ്താനെ തങ്ങള്‍ സഹായിക്കും. പട്ടിണിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും പോരാടാന്‍ അവര്‍ക്കത് സഹായകരമാകുമെന്നും അത്താവലെ അവകാശപ്പെട്ടു. 

പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് നിരവധി റിപ്പോര്‍ട്ടുകളിലൂടെ പുറത്ത് വരുന്നത്. ഇതൊരു ചെറിയ കാര്യമായി കാണേണ്ടതില്ല. 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് ശേഷം കശ്മീരില്‍ പൂര്‍ണ്ണ സമാധാനം വന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Hand over PoK to India if you don’t want war: Union minister Ramdas Athawale