ഹിന്ദുസ്ഥാൻ 228 വിമാനം. photo: ANI
തെലങ്കാന: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) 19 സീറ്റുള്ള പുതിയ ചെറുയാത്രാ വിമാനം പുറത്തിറക്കി. ചെറിയ യാത്രാ വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സുപ്രധാന ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ഹിന്ദുസ്ഥാന്‍ 228 എന്നു പേരുനല്കിയ വിമാനത്തിന് എയര്സ്ട്രിപ്പുകളിലൂടെ അനായാസം പറന്നുയരാനും ഇറങ്ങാനും സാധിക്കും.
ഇത്തരം വിമാനങ്ങള്‍ക്ക് വിപണിയില്‍ വലിയ സാധ്യതകളുണ്ടെന്നും ഹ്രസ്വദൂര യാത്രകള്‍ക്കായി ഇന്ത്യയിലും ലോകത്താകമാനവും സെമി റണ്‍വേകളില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്ന ഇത്തരം ചെറുവിമാനങ്ങളുണ്ടെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ അപൂര്‍ബ റോയ് പറഞ്ഞു. മള്‍ട്ടി യൂട്ടിലിറ്റി വിമാനമായ ഈ ചെറു വിമാനങ്ങള്‍ ആംബുലന്‍സ്, കാര്‍ഗോ, പാരാഡ്രോപ് തുടങ്ങിയ നിരവധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ ആറ് വിമാനങ്ങള്‍ കൂടി ഉടന്‍ നിര്‍മിക്കാനാണ് എച്ച്എഎല്‍ ലക്ഷ്യമിടുന്നത്. അതേസമയം ഈ വിമാനങ്ങളില്‍ വലിയ വിമാനങ്ങളിലുള്ള ടോയ്ലെറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. അധികമായി ടോയ്ലെറ്റ് ഉള്‍പ്പെടുത്തണമെങ്കില്‍ സീറ്റുകളുടെ എണ്ണം 17 ആയി പരിമിതപ്പെടും. നിലവില്‍ 19 പേര്‍ക്കാണ് ഹിന്ദുസ്ഥാന്‍ 228 വിമാനത്തില്‍ സഞ്ചരിക്കാനാവുക.
ഇന്ത്യയിലാണ് നിര്‍മാണമെങ്കിലും വിമാനത്തിന്റെ എന്ജിന് വിദേശ നിര്‍മ്മിതമാണ്. ഡോര്‍ണിയര്‍ കമ്പനിയുടെതാണ് ഡിസൈന്‍. സര്‍വീസിനായി വിമാനം ഒരുങ്ങുന്നതിന് മുന്നോടിയായുള്ള എല്ലാ പരിശോധനകളും നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി വിവിധ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ വ്യക്തികളും ഹിന്ദുസ്ഥാന്‍ 228 ചെറുവിമാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അപൂര്‍ബ റോയ് വ്യക്തമാക്കി.
Content Highlights: HAL introduces 19-seater civil aircraft, plans to deploy under Udaan scheme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..