അഗര്‍ത്തല: അതിശക്തമായ കൊടുങ്കാറ്റിനേയും ആലിപ്പഴവര്‍ഷത്തേയും തുടര്‍ന്ന് ത്രിപുരയിലെ മൂന്ന് ജില്ലകളിലെ 4,200 ഓളം ജനങ്ങള്‍ ഭവനരഹിതരായി. 5,500 ലധികം വീടുകള്‍ പൂര്‍ണമോയോ ഭാഗികമായോ തകര്‍ന്നു. ചൊവ്വാഴ്ചയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്‌.

സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് പ്രകൃതി ദുരന്തമുണ്ടായത്. ഏറ്റവും ദുരന്തം നേരിട്ട സെപഹജല ജില്ല മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച സന്ദര്‍ശിച്ചു. 5000 ത്തോളം വീടുകള്‍ തകര്‍ന്നതായും 4,200 പേര്‍ ഭവനരഹിതരായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സെപഹജല ജില്ലയില്‍ പന്ത്രണ്ടോളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,170 ഓളം കുടുംബങ്ങളെ ഈ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരസഹായമായി അയ്യായിരം രൂപ വീതം ഓരോ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൈമാറി. ദുരന്തത്തിന്റെ പൂര്‍ണവിവരം ലഭിച്ച ശേഷം വേണ്ട സഹായം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ജനങ്ങളോട് നേരിട്ട് സംസാരിച്ചതായും കോവിഡ്-19 നെതിരെയുള്ള കടുത്ത പോരാട്ടത്തിലാണ് സര്‍ക്കാരെങ്കിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ബിപ്ലബ് കുമാര്‍ ദേബ് വ്യക്തമാക്കി.

 

Content Higghlights: Hailstorm leaves 4,200 people homeless in Tripura