കാണ്‍പുര്‍: ഒരു ഗ്രാമത്തില്‍ നിന്നുള്ള തന്നെപ്പോലുള്ള ഒരു സാധാരണക്കാരന്‍ രാജ്യത്തെ പരമോന്നത പദവിയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ തന്റെ ജന്മനാട് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. പ്രത്യേക ട്രെയിനില്‍ വെള്ളിയാഴ്ചയാണ് അദ്ദേഹം കാണ്‍പുരിലെത്തിയത്. 

' ഒരു ഗ്രാമത്തില്‍ നിന്നുള്ള എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് രാജ്യത്തെ പരമോന്നത പദവി ലഭിക്കുമെന്ന് എന്റെ സ്വപ്നങ്ങളില്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനം അത് സാധ്യമാക്കി.'- രാഷ്ട്രപതി പറഞ്ഞു. 

Kovind
ജന്മനാട്ടിലെത്തിയ രാഷ്ട്രപതി  ഭൂമിയിൽ തൊട്ട് വന്ദിച്ചപ്പോൾ | ഫോട്ടോ: PTI

' ഇന്ന്, ഈ അവസരത്തില്‍, രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളേയും ഭരണഘടനയുടെ കരട് സമതിയേയും അവരുടെ ത്യാഗത്തിന്റേയും സംഭാവനയുടേയും പേരില്‍ ഞാന്‍ നമിക്കുന്നു. ഞാന്‍ എവിടെയെങ്കിലും എത്തിച്ചേര്‍ന്നെങ്കില്‍ അതിന്റെ ബഹുമതി ഈ ഗ്രാമത്തിന്റെ മണ്ണിനും എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹത്തിനുമാണ്.' - രാഷ്ട്രപതിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന്റെ ജന്മനാടായ പരൗഖ് സന്ദര്‍ശിച്ചു. ഭൂമിയിൽ തൊട്ടു വന്ദിച്ചാണ് അദ്ദേഹം ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. ജന്മനാടിന്റെ ഈ പ്രചോദനമാണ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്കും സുപ്രീം കോടതിയില്‍ നിന്ന് രാജ്യസഭയിലേക്കും രാജ്യസഭയില്‍ നിന്ന് രാജ്ഭവനിലേക്കും രാജ്ഭവനില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കും തന്നെ കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Had never imagined ordinary boy like me will reach country’s highest office: President Ram Nath Kovind in his village