നരേന്ദ്ര മോദി, ബ്രിജ് ഭൂഷൻ | Photo: PTI
ന്യൂഡല്‍ഹി: വനിതാ താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) അധ്യക്ഷനും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ നടുക്കുന്ന വിവരങ്ങള്‍. ബ്രിജ് ഭൂഷനില്‍നിന്ന് നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ച് ഒരു വനിതാ ഒളിമ്പ്യന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് പരാതിപ്പെട്ടിരുന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. വിഷയത്തില്‍ മോദി നടപടി ഉറപ്പു നല്‍കിയിരുന്നെന്നും വനിതാ താരം പറയുന്നുണ്ട്. ഏകദേശം രണ്ടുകൊല്ലം മുന്‍പ് കായികതാരങ്ങളെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് ബ്രിജ് ഭൂഷനെതിരായ പരാതി ഇവർ മോദിയെ അറിയിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ബ്രിജ് ഭൂഷനില്‍നിന്ന് തനിക്കും മറ്റ് വനിതാ താരങ്ങള്‍ക്കും തുടര്‍ച്ചയായി നേരിടേണ്ടി വന്ന ലൈംഗിക- മാനസിക-ശാരീരിക ആഘാതങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ കായികമന്ത്രാലയം ഇടപെടുമെന്നും മന്ത്രാലയത്തില്‍നിന്ന് ഉടന്‍ വിളി വരുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും പരാതിക്കാരി പറഞ്ഞെന്ന് എഫ്.ഐ.ആര്‍. വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരേ പരാതി നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
താരങ്ങള്‍ക്ക് സപ്ലിമെന്റുകള്‍ക്കും ചികിത്സാച്ചെലവും നല്‍കുന്നതിന് പകരമായി ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ ബ്രിജ് ഭൂഷന്‍ ആവശ്യപ്പെട്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ലൈംഗിക ഉദ്ദേശ്യത്തോടെ വനിതാ താരങ്ങളുടെ ശരീരത്തില്‍ തടവി, മത്സരങ്ങള്‍ക്കിടെ മോശമായി സ്പര്‍ശിച്ചു, അനുവാദമില്ലാതെ നിതംബത്തില്‍ സ്പര്‍ശിച്ചു, പ്രായപൂര്‍ത്തിയാകാത്ത താരത്തെ മോശം ഉദ്ദേശത്തോടെ പിന്തുടര്‍ന്നു തുടങ്ങിയ ആരോപണങ്ങളും ബ്രിജ് ഭൂഷന് എതിരായ എഫ്.ഐ.ആറിലുണ്ട്. 2012 മുതല്‍ ഇന്ത്യയിലും വിദേശത്തും നടന്ന പല മത്സരങ്ങള്‍ക്കിടയില്‍വെച്ചും ന്യൂഡല്‍ഹിയിലെ തന്റെ ഓഫീസില്‍വെച്ചും ബ്രിജ് ഭൂഷന്‍ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും വനിതാ താരങ്ങള്‍ ആരോപിക്കുന്നു. ബ്രിജ് ഭൂഷനില്‍നിന്നുണ്ടായ പീഡനം സൃഷ്ടിച്ച മാനസികാഘാതത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിക്കുക പോലും ചെയ്‌തെന്ന് ഒരു വനിതാ താരം പറഞ്ഞിട്ടുണ്ട്.
ലൈംഗിക ഇംഗിതത്തിന് വഴങ്ങിക്കൊടുക്കുന്ന പക്ഷം ചികിത്സാച്ചെലവ് ഫെഡറേഷന്‍ വഹിക്കാമെന്ന് ഒരു വനിതാ താരത്തോട് ബ്രിജ് ഭൂഷന്‍ പറഞ്ഞുവെന്നും ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലുണ്ട്. രാത്രി വൈകി, വനിതാ താരങ്ങളെ ബ്രിജ് ഭൂഷന്‍ തന്റെ റൂമിലേക്ക് ഒറ്റയ്ക്ക് വിളിപ്പിക്കാറുണ്ടായിരുന്നു. അയാളുടെ ദുരുദ്ദേശം വ്യക്തമാക്കുന്ന നടപടിയായിരുന്നു ഇത്. ബ്രിജ് ഭൂഷന്‍ മോശം സംസാരത്തിനും ആംഗ്യങ്ങള്‍ക്കും മുതിരുക പതിവായതിനാല്‍, പ്രഭാതഭക്ഷണത്തിനാകട്ടെ ഉച്ചഭക്ഷണത്തിനാകട്ടെ അത്താഴത്തിനാകട്ടെ താന്‍ ഉള്‍പ്പെടെയുള്ള വനിതാ താരങ്ങള്‍ തനിച്ച് പോകില്ലെന്ന് കൂട്ടായ തീരുമാനം എടുത്തിരുന്നെന്ന് ഒരു പരാതിക്കാരി വ്യക്തമാക്കി. ഹോട്ടല്‍മുറിയില്‍നിന്ന് മറ്റേതെങ്കിലും ആവശ്യത്തിനു പോലും പുറത്തിറങ്ങാറുണ്ടായിരുന്നില്ലെന്നും പരാതിക്കാരികളില്‍ ഒരാള്‍ കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗവില്‍ കഴിഞ്ഞ വര്‍ഷം വനിതാ താരങ്ങള്‍ ഫോട്ടോയ്ക്ക് നില്‍ക്കുന്നതിനിടെ ബ്രിജ് ഭൂഷന്‍ തന്റെ നിതംബത്തില്‍ കൈവെച്ചുവെന്ന് ഒരു പരാതിക്കാരി ആരോപിക്കുന്നുണ്ട്.
ഒരിക്കല്‍ മാറ്റില്‍ കിടക്കവേ ബ്രിജ് ഭൂഷന്‍ അടുത്തുവരികയും മുന്നോട്ടാഞ്ഞ ശേഷം അനുവാദമില്ലാതെ തന്റെ ടി ഷര്‍ട്ട് ഉയര്‍ത്തി മാറിടത്തില്‍നിന്ന് വയറുവരെ തടവിയെന്നും ഒരു താരത്തിന്റെ പരാതിയിലുണ്ട്. ശ്വാസം പരിശോധിക്കുക എന്ന വ്യാജേനയായിരുന്നു ബ്രിജ് ഭൂഷന്‍ ഇങ്ങനെ ചെയ്തതെന്നും ആ സമയത്ത് കോച്ച് തന്റെ അരികില്‍ ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ക്കുന്നു.
2016-ല്‍ വിദേശത്തുവെച്ച് ഒളിമ്പിക് യോഗ്യതാ മത്സരവേളയില്‍ ബ്രിജ് ഭൂഷനില്‍നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി മറ്റൊരു പരാതിക്കാരി ആരോപിക്കുന്നു. അത്താഴത്തിന് ഹോട്ടലിന്റെ ഭക്ഷണശാലയിലെത്തിയപ്പോള്‍, ബ്രിജ് ഭൂഷന്‍ അയാളുടെ മേശയിലേക്ക് തന്നെ വിളിപ്പിച്ചെന്ന് അവര്‍ പറയുന്നു. തുടര്‍ന്ന് ബ്രിജ് ഭൂഷന്‍, അനുവാദം കൂടാതെ തന്റെ മാറില്‍ പിടിച്ചു. തുടര്‍ന്ന് മാറില്‍നിന്ന് വയറുവരെ തടവിയെന്നും പരാതിക്കാരി പറയുന്നു. മൂന്നുനാലു തവണ ഇങ്ങനെ ചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
അതേസമയം, ലൈംഗിക ആരോപണങ്ങളെ അപ്പാടെ നിഷേധിക്കുന്ന നിലപാടാണ് ബ്രിജ് ഭൂഷന്‍ സ്വീകരിക്കുന്നത്. തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിഞ്ഞാല്‍ തൂങ്ങി മരിക്കുമെന്ന്, ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ അത് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഏത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും ബ്രിജ് ഭൂഷന്‍ പറഞ്ഞിരുന്നു.
Content Highlights: had informed prime minister narendra modi about sexual harassment of brij bhushan alleges wrestler
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..