ഏക്നാഥ് ഷിന്ദേ, ദേവേന്ദ്ര ഫഡ്നാവിസ്| Photo: ANI
മുംബൈ: ആവശ്യപ്പെട്ടിരുന്നെങ്കില്‍ തനിക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമായിരുന്നെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി. നേതാവും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയാക്കിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനാലാണ് താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു. പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണ് ഞങ്ങള്‍ ഒരു ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കിയത്. ഷിന്ദേയെ മുഖ്യമന്ത്രിയാക്കുക എന്നത് എന്റെ നിര്‍ദേശമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു, ഞാന്‍ ഭാഗമാകാതിരുന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന്. അതുകൊണ്ടാണ് അവരുടെ ആവശ്യപ്രകാരം ഞാന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചത്', ഫഡ്നാവിസ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
Also Read
മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനത്തെത്തുമെന്നും ഏക്നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷിന്ദേയെ മുഖ്യമന്ത്രിയായി ഫഡ്നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് മഹാവികാസ് അഘാടി സര്‍ക്കാര്‍ താഴെവീണത്. അന്പത്തൊന്നുകാരനായ ഫഡ്നാവിസ്, മുന്‍പ് രണ്ടുവട്ടം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിസ്ഥാനത്തെത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..