മുംബൈ: രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകളിലെ വിവാദങ്ങള്‍ സായുധ സേനയുടെ കഴിവുകളെയും സേനയുടെ ആധുനികവത്കരണത്തെയും ബാധിക്കുമെന്ന് മുന്‍ വ്യോമസേന മേധാവി ബി.എസ്.ധനോവ. രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. 

പ്രതിരോധ ഇടപാടുകളെ രാഷ്ട്രീയവത്കരിച്ചാല്‍ എല്ലാം പിന്നോട്ട് പോകും, തുടര്‍ന്നുള്ള നടപടികളുടെ വേഗത കുറയും. ഇത് പ്രതിരോധ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ബിഎസ് ധനോവ വ്യക്തമാക്കി. 

ബോംബെയില്‍ ഐഐടിയില്‍ നടന്ന പരിപാടിയില്‍ റഫാല്‍ യുദ്ധവിമാനത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടയിലാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ രാഷ്ട്രീയവത്കരണത്തിനെതിരേ ധനോവ നിലപാട് വ്യക്തമാക്കിയത്. 

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകര താവളത്തിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പര്യാപ്തമായ യുദ്ധവിമാനം ഇന്ത്യയുടെ കൈവശമില്ലാത്തതിനേയും മുന്‍ വ്യേമസേന മേധാവി വിമര്‍ശിച്ചു. പാകിസ്താന് മറുപടി കൊടുക്കാനുള്ള ശ്രമത്തില്‍ അന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ മിഗ് 21 യുദ്ധ വിമാനത്തിന് പകരം റഫാല്‍ യുദ്ധ വിമാനം ഉപയോഗിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നും മുന്‍ വ്യോമസേന മേധാവി വ്യക്തമാക്കി.  

എന്തുകൊണ്ട് അഭിനന്ദന് റഫാല്‍ പറത്താന്‍ സാധിക്കാതെ പോയി. കാരണം ഏത് യുദ്ധവിമാനമാണ് വാങ്ങേണ്ടതെന്ന് പത്തുവര്‍ഷമാണ്‌ നിങ്ങള്‍ ചര്‍ച്ച നടത്തിയത്. അത് വ്യോമസേനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എസ് 400 മിസൈല്‍ ഇടപാട് സര്‍ക്കാറിന്റെ മികച്ച നീക്കമാണ്. ഇതുപോലെ വേഗതയാര്‍ന്ന പ്രതിരോധ ഇടപാടുകള്‍ ഇനിയും ആവശ്യമാണെന്നും ധനോവ പറഞ്ഞു.

റഫാല്‍ കേസില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് സുപ്രീകോടതി ക്ലീന്‍ ചീറ്റ് നല്‍കിയ നടപടിയോടും ബിഎസ് ധനോവ അനുകൂലിച്ചു. അതേസമയം നികുതി ദായകരെന്ന നിലയില്‍ യുദ്ധ വിമാനങ്ങളുടെ വില സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights; Had Abhinandan Varthaman Been Flying Rafale - Ex-Air Chief