ചണ്ടീഗഢ്: ഹരിയാണയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ക്രിഷന്‍ കാന്ത് ശര്‍മയുടെ ഭാര്യ ഋതുവാണ് മരിച്ചത്. 

ശനിയാഴ്ച വൈകുന്നേരം സെക്ടര്‍ 49ലെ ആര്‍ക്കഡിയ മാര്‍ക്കറ്റില്‍ വച്ചാണ് ഋതുവിനും മകന്‍ ധ്രുവിനും നേര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിയുതിര്‍ത്തത്. പതിനെട്ടുകാരനായ ധ്രുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ഷോപ്പിങ്ങിനെത്തിയതായിരുന്നു ഋതുവും ധ്രുവും. 

ആദ്യം ഋതുവിനു നേര്‍ക്കാണ് മഹിപാല്‍ സിങ് വെടിയുതിര്‍ത്തത്. പിന്നീട് ധ്രുവിനെയും വെടിവയ്ക്കുകയും കാറിനുള്ളിലേക്ക് വലിച്ചിടാനും ശ്രമിച്ചു. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെ ഋതുവിനെയും ധ്രുവിനെയും മാര്‍ക്കറ്റില്‍ തന്നെ ഉപേക്ഷിച്ച് അതേ കാറില്‍ കയറി മഹിപാല്‍ സിങ് രക്ഷപ്പെടുകയായിരുന്നു. 

ഋതുവിനെയും ധ്രുവിനെയും വെടിവച്ച കാര്യം മഹിപാല്‍ സിങ് ക്രിഷന്‍ കാന്തിനെ വിളിച്ചറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുവര്‍ഷമായി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മഹിപാല്‍ സിങ്. ഇയാളെ പിന്നീട് ഫരീദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു. മഹിപാലിനെ ആക്രമണത്തിനു പ്രേരിപ്പിച്ച കാര്യമെന്താണെന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്‌

content highlights: Gurgaon's judge's wife attacked by security guard dies