കോഴിക്കോട്: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതായി പ്രചരിക്കുന്ന വീഡിയോകള്‍ മറ്റൊരു അപകടത്തിന്റേത്. രണ്ടുവര്‍ഷം മുമ്പ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ നിരവധിപേരാണ് ഈ പഴയ വീഡിയോ തിരുച്ചിറപ്പള്ളിയിലെ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പറഞ്ഞ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
2017 ഓഗസ്റ്റ് 16-നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലെ സംഭവമുണ്ടായത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴല്‍ക്കിണറില്‍ വീണത്. 15 അടിയോളം താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് വില്‍സണ്‍ എന്ന കുട്ടിയുടേത് എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് വില്‍സണെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഞായറാഴ്ച രാത്രി വൈകിയും തുടരുകയാണ്. കുഴല്‍ക്കിണറില്‍ വീണ് 48 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലംകണ്ടില്ല. നിലവില്‍ കുഴല്‍ക്കിണറിന് സമീപത്തായി കൂടുതല്‍ വ്യാസമുള്ള മറ്റൊരു കുഴി നിര്‍മിച്ച് അതിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം.
അതേസമയം, പാറ നിറഞ്ഞ പ്രദേശമായതിനാല്‍ അത്യാധുനിക ഡ്രില്ലിങ് റിഗ് ഉപയോഗിച്ചിട്ടും പുതിയ കുഴിയെടുക്കല്‍ ഏറെ ദുര്‍ഘടമാണെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ കുഴിയെടുക്കാന്‍ തുടങ്ങിയിട്ടും ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ മുപ്പതടിയോളം താഴ്ചയില്‍ മാത്രമേ കുഴിയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. മണിക്കൂറില്‍ മൂന്നടി മാത്രമാണ് കുഴിയ്ക്കാന്‍ സാധിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ത്തന്നെ പുലര്‍ച്ചെയോടെ മാത്രമേ കുട്ടിയെ പുറത്തെത്തിക്കാന്‍ സാധിക്കൂ എന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുവയസ്സുകാരനായ സുജിത്ത് വില്‍സണ്‍ കളിക്കുന്നതിനിടെ ഉപയോഗശൂന്യമായികിടന്നിരുന്ന കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. കുഴല്‍ക്കിണറിന് അടുത്തായി ആദ്യം കുഴിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കൂടുതല്‍ താഴേക്ക് പോയത്.
സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന 2017-ലെ വീഡിയോ
Content Highlights: guntur borewell accident video spreading in social media as tiruchirappalli borewell accident