മരിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങുന്നില്ല. 1945 ആഗസ്റ്റ് 18ന് തായ്വാനില്‍ ഉണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടില്ല എന്നും ഗുംനാമി ബാബ എന്ന അപര നാമധേയത്തില്‍ ഉത്തര്‍പ്രദേശിലെ ഫൈസലാബാദില്‍ അദ്ദേഹം ജീവിച്ചിരുന്നുവെന്നുമുള്ള കഥകളാണ് പ്രചരിക്കുന്നത്. 

ഇപ്പോഴിതാ നേതാജിയുമായി രൂപ സാദൃശ്യമുണ്ടായിരുന്ന ഗുംനാമി ബാബയെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. ഗുംനാമി ബാബ നേതാജി തന്നെയാണെന്ന് നിരവധി ആളുകളാണ് വിശ്വസിച്ചിരുന്നത്‌.

1985 ലാണ് ഗുംനാമി ബാബ മരിക്കുന്നത്. റിട്ടയേഡ് ജസ്റ്റിസ് വിഷ്ണു സഹായ് ആണ് ഇത്‌ അന്വേഷിക്കുക. അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ഗുംനാമി ബാബയും നേതാജിയും

വളരെ പ്രകടമായ രൂപസാദൃശ്യങ്ങളായിരുന്നു നേതാജിക്കും ഗുംനാമി ബാബക്കും ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ജീവിതം വളരെ രഹസ്യം നിറഞ്ഞതായിരുന്നുവെന്നാണ് ശിഷ്യര്‍ പറഞ്ഞിരുന്നത്. ഫൈസാബാദ് ജില്ലാ ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന ബാബയുടെ പെട്ടികള്‍ കുറച്ചുകാലം മുന്‍പു തുറന്നു നോക്കി നടത്തിയ പരിശോധനയില്‍ നേതാജിയുടെ കുടുംബചിത്രങ്ങളും ചില വസ്തുക്കളും കണ്ടെത്തിയതോടെയാണ് ഇതുസംബന്ധിച്ച നിഗൂഢതകള്‍ വര്‍ധിക്കുന്നത്. 

Netaji

നേതാജിയുടെ മാതാപിതാക്കളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേതാജിയുടെ സഹോദരന്റെ മകള്‍ ലളിത ബോസ് ചിത്രത്തിലുള്ളവരെ തിരിച്ചറിയുകയുണ്ടായി.

നേതാജിയുടെ കുടുംബത്തില്‍ നിന്നുള്ള ചിലര്‍ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു. നേതാജിയുടെ ജന്മദിനത്തില്‍ മുന്‍ ഐഎന്‍എ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പബിത്ര മോഹന്‍ റോയിയും സുനില്‍കാന്ത് ഗുപ്തയും ഗുംനാമി ബാബയ്ക്ക് അയച്ച ടെലിഗ്രാമുകളും പെട്ടിയില്‍നിന്നു കണ്ടെത്തിയിട്ടുണ്ടായിരുന്നു. 

നേതാജിയുടേതിനു സമാനമായ വട്ടക്കണ്ണടയും വാച്ചും ബാബക്കുമുണ്ടായിരുന്നു. മാത്രമല്ല നേതാജി സംസാരിച്ചിരുന്ന വിദേശ ഭാഷകള്‍ ബാബക്കും അറിയാമായിരുന്നു. പരിശോധനയില്‍ ബ്രിട്ടിഷ് നിര്‍മിത ടൈപ്‌റൈറ്ററും ലോകയുദ്ധകാലത്തു ജര്‍മന്‍ സൈനികര്‍ ഉപയോഗിച്ചിരുന്ന ബൈനോക്കുലറും ബാബയുടെ പെട്ടിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Netaji


ഡി.എന്‍.എ പരിശോധന

എന്നാല്‍ കൊല്‍ക്കത്തയിലെ ഒരു ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ ലഭിച്ച ഫലം നേരെ വിപരീതമായിരുന്നു. പരിശോധനയില്‍ ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎന്‍എ ഘടനയും നേതാജിയുടെ രക്തസാംപിളുകളിലെ ഡി.എന്‍.എയും തമ്മില്‍ പൊരുത്തമില്ലെന്നായിരുന്നു ഫോറന്‍സിക് പരിശോധനയിലൂടെ വ്യക്തമായത്. ഡി.എന്‍.എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നേതാജിയുടെ മരണത്തെക്കുറിച്ചുള്ള ദൂരൂഹതയെക്കുറിച്ച് അന്വേഷിച്ചിരുന്ന ജസ്റ്റിസ് എം.കെ.മുഖര്‍ജി കമ്മിഷന്‍ നേതാജിയും ഗുംനാമി ബാബയും  രണ്ട് വ്യക്തികളാണെന്ന നിഗമനത്തില്‍ തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍ നേതാജിയും ബാബയും വ്യത്യസ്ത ആളുകളാണെന്ന് തെളിയിക്കാന്‍ നിലവിലുള്ള ശാസ്ത്രീയ തെളിവുകള്‍ പര്യപ്തമല്ലെന്നാണ് മറുവാദം. 

ദുരൂഹത നീങ്ങാതെ

നേതാജിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. പശ്ചിമ ബംഗാളിലെ ഷാലുമാറി ആശ്രമത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരുന്നുവെന്ന് 1963 ല്‍ നെഹ്രു സര്‍ക്കാര്‍ സംശയിച്ചിരുന്നതായും ആശ്രമത്തിലെ അന്തേവാസി കെ.കെ. ഭണ്ഡാരി നേതാജി ആണോയെന്ന് സര്‍ക്കാര്‍ സംശയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ ആശ്രമം സെക്രട്ടറി രമണി രഞ്ജന്‍ദാസ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നതായും രേഖയിലുണ്ട്. ഈ കത്തുകള്‍ ജസ്റ്റിസ് മുഖര്‍ജി കമ്മിഷന് പിന്നീട് കൈമാറിയെങ്കിലും കെ.കെ.ഭണ്ഡാരി നേതാജിയാണെന്ന വാദം മുഖര്‍ജി കമ്മിഷന്‍ നിരാകരിച്ചു. 

നേതാജി വിമാനാപകടത്തില്‍ തന്നെയാണു മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ ദൃക്‌സാക്ഷികളുടെ സാക്ഷ്യപ്പെടുത്തല്‍ ഉള്‍പ്പെടെ നിരവധി തെളിവുകള്‍ ബ്രിട്ടീഷ്‌ വെബ്‌സൈറ്റ് www.bosefiles.info പുറത്തു വിട്ടിരുന്നു.