Photo: AFP, PTI
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് വ്യാഴാഴ്ച നടക്കും. തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് നാളെ (വ്യാഴാഴ്ച) വിധിയെഴുതുക. ഭരണത്തുടര്‍ച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ബി.ജെ.പിക്കു മുന്നിലുള്ളതെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചേ മതിയാകൂ എന്ന അനിവാര്യതയാണ് കോണ്‍ഗ്രസിനുള്ളത്.
ഗുജറാത്ത് നിയമസഭയിലേക്ക് ഇതുവരെ നടന്ന പോരാട്ടങ്ങള്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലായിരുന്നു. എന്നാല്‍ ഇക്കുറി ഒരു മൂന്നാമന് കൂടിയുണ്ട്- ആം ആദ്മി പാര്‍ട്ടി. എ.എ.പിയുടെ രംഗപ്രവേശത്തോടെ മത്സരം കടുക്കുകയാണ്. പഞ്ചാബിനു പിന്നാലെ ഗുജറാത്തിലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ എ.എ.പിക്ക് സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ദേശീയരാഷ്ട്രീയം. ആകെയുള്ള 182 മണ്ഡലങ്ങളില്‍ 181 ഇടത്തും എ.എ.പിക്ക് സ്ഥാനാര്‍ഥികളുണ്ട്. തൂക്കുപാലദുരന്തം നടന്ന മോര്‍ബിയും ഒന്നാംഘട്ടത്തിലാണ് വിധിയെഴുതുന്നത്.
ആദ്യഘട്ടത്തില്‍ ഏകദേശം 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 718 പേര് പുരുഷന്മാരും 70 പേര് സ്ത്രീകളുമാണ്. എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇശുദാന് ഗഢ്വി, മുന്‍മന്ത്രി പുരുഷോത്തം സോളങ്കി, കന്‍വര്‍ജി ബാവലിയ, കാന്തിലാല്‍ അമൃതിയ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, എ.എ.പി. സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇടാലിയ തുടങ്ങിയവരാണ് ആദ്യഘട്ട മത്സരരംഗത്തെ പ്രമുഖര്‍.
അതിശക്തമായ പ്രചാരണമായിരുന്നു ബി.ജെ.പി. സംസ്ഥാനത്ത് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് ഗുജറാത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രചരണത്തിനെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളി തങ്ങളാണ് എന്നായിരുന്നു എ.എ.പിയുടെ അവകാശവാദം. എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് പ്രചാരണത്തില്‍ സജീവമായിരുന്നു. പുറമേ വലിയ ബഹളങ്ങളൊന്നുമില്ലാതെ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്ന തന്ത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്വീകരിച്ചത്. ഭാരത് ജോഡോ യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഹുല്‍ സംസ്ഥാനത്ത് എത്തിയിട്ടുമില്ല.
മായാവതിയുടെ ബി.എസ്.പി. ആദ്യഘട്ടത്തില്‍ 57 സ്ഥാനാര്‍ഥികളെയാണ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബി.ടി.പി.)യുടെ 14-ഉം സമാജ്വാദി പാര്‍ട്ടിയുടെ 12-ഉം സി.പി.എമ്മിന്റെ നാലും സി.പി.ഐയുടെ രണ്ട് സ്ഥാനാര്‍ഥികളും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
Content Highlights: gujrat first phase polling on thursday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..