പ്രതീകാത്മകചിത്രം| Photo: PTI
ഗാന്ധിനഗര്‍: ഗുജറാത്തിലെ പ്രമുഖ പാടീദാര്‍ നേതാവ് നരേഷ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടതിന് തൊട്ടുപിറ്റേന്നാണ് നേതാക്കള്‍ നരേഷ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ രാജ്‌കോട്ടിലെ നരേഷിന്റെ ഫാംഹൗസിലായിരുന്നു കൂടിക്കാഴ്ച. ഐ.ഐ.സി.സി. ചുമതല വഹിക്കുന്ന രഘു ശര്‍മ, ഗുജറാത്ത് പി.സി.സി. അധ്യക്ഷന്‍ ജഗ്ദീഷ് താക്കൂർ തുടങ്ങിയവരാണ് നരേഷിനെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ സൗരാഷ്ട്ര സോണല്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനാണ് നേതാക്കള്‍ രാജ്‌കോട്ടിലെത്തിയത്.
Also Read
പാടീദാര്‍ സമുദായത്തിലെ ഉപജാതിയായ ലേവാ പട്ടേല്‍ വിഭാഗത്തിന്റെ നേതാവാണ് നരേഷ് പട്ടേല്‍. ശ്രീ ഖോഡല്‍ധാം ട്രസ്റ്റി (എസ്.കെ.ടി.) ന്റെ ചെയര്‍മാനായ നരേഷ്, രാജ്‌കോട്ടിലെ പ്രമുഖ വ്യവസായിയുമാണ്. നരേഷിന്റെ ഫാമില്‍ പ്രഭാതഭക്ഷണത്തിന് ഒത്തുചേര്‍ന്നതാണെന്നും സൗഹൃദസന്ദര്‍ശനത്തിന് ഉപരിയായി ഒന്നുമില്ലെന്നും നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. സന്ദര്‍ശനം അരമണിക്കൂര്‍ നീണ്ടുനിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ചിന്തന്‍ ശിബിരത്തിലേക്ക് നരേഷിനെ ക്ഷണിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മൂന്നുദിവസം മുന്‍പ് ഹാര്‍ദിക് പട്ടേല്‍, നരേഷിനെ ഖോഡല്‍ധാമില്‍ സന്ദര്‍ശിച്ചിരുന്നു. പാടീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പി.എ.എ.എസ്.) കണ്‍വീനർ അല്‍പേഷ് കതേരിയ, പി.എ.എ.എസ്. ഭാരവാഹി ദിനേഷ് ബംഭാനിയ തുടങ്ങിയവരുമുണ്ടായിരുന്നു. ഹാര്‍ദിക് നേതൃത്വം നല്‍കിയ പാടീദാര്‍ സംവരണ പ്രക്ഷോഭത്തിന് പി.എ.എ.എസ്. മുന്‍നിരയിലുണ്ടായിരുന്നു.
രണ്ടുദിവസം മുന്‍പ് രഘു ശര്‍മ ഫോണില്‍ വിളിച്ച് കൂടിക്കാഴ്ചയ്ക്കുള്ള താല്‍പര്യം അറിയിക്കുകയായിരുന്നെന്ന് കൂടിക്കാഴ്ചയേക്കുറിച്ച് നരേഷ് 'ഇന്ത്യന്‍ എക്‌സ്പ്രസി'നോടു പ്രതികരിച്ചു. രഘുവിന് പിന്നാലെ കുറച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും തന്നെ ഫോണില്‍ വിളിച്ച് രഘുവിന് കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമുണ്ടെന്ന് അറിയിച്ചു. അവരുടെ വരവിനെ സ്വാഗതം ചെയ്യുകയും പ്രഭാതഭക്ഷണത്തിന് കൂടിക്കാഴ്ച നടത്തുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇക്കൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് നരേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ഇദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. എന്നാല്‍, രാഷ്ട്രീയത്തില്‍ പ്രവേശിക്കണോ എന്നും ഏതുപാര്‍ട്ടിയില്‍ ചേരണമെന്നുമുള്ള കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് നരേഷ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..