ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായി ഡിസംബര്‍ ഒമ്പതിനും  14 നും നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിപാറ്റ് (VVPAT)സംവിധാനത്തിലായിരിക്കും വോട്ടെടുപ്പ്. ആകെ 4.33 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്.

ഡിസംബര്‍ 18-ന് മുമ്പ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മിഷന്‍ ഹിമാചലിലെ പോളിങ് തീയതി പ്രഖ്യാപിച്ച സമയത്ത് അറിയിച്ചിരുന്നു.

ഗുജറാത്തിനൊപ്പം ഹിമാചലിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശിലെ വോട്ടെടുപ്പ്. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ 18ന് നടക്കും.

അടുത്തവര്‍ഷം ജനുവരി വരെയാണ് ഇരു സംസ്ഥാനങ്ങളിലെയും  നിലവിലുള്ള നിയമസഭക്ക് കാലാവധി. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സര്‍ക്കാരിന് പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് അവസരമൊരുക്കുന്നതാണ് കമ്മിഷന്‍ നിലപാടെന്നായിരുന്നു ആരോപണം. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നേരത്തെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത് കാലാവസ്ഥ അടക്കമുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അചല്‍ കുമാര്‍ ജ്യോതി വ്യക്തമാക്കിയിരുന്നത്. 

ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് ശേഷം നരേന്ദ്രമോദി ഗുജറാത്ത് സന്ദര്‍ശനം നടത്തി വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.