അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് അടുത്തകാലത്ത് പ്രതിസന്ധിയുണ്ടാക്കിയ ജാതി നേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്.  പട്ടേല്‍ സമുദായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഠാക്കൂര്‍ സമുദായ നേതാവ് അല്‍പേഷ് ഠാക്കുര്‍ എന്നിവരെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കാനൊരുങ്ങുന്നത്.

കോണ്‍ഗ്രസിന്റെ വാഗ്ദാനം സംബന്ധിച്ച് ട്വിറ്ററില്‍ കൂടിയാണ് ഹാര്‍ദ്ദിക് പട്ടേല്‍ പ്രതികരിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്റെ അഭിലാഷമല്ലെന്നാണ് ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നീതിയും അവകാശങ്ങളും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ദ്ദികിന്റെ ട്വീറ്റിന് പിന്നാലെ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി രംഗത്ത് വന്നു. 

രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മണിക്കൂറുകള്‍ കഴിപ്പോള്‍ അല്‍പേഷ് ഠാക്കൂറിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തു. 23 ന് ഗുജറാത്തിലെത്തുന്ന രാഹുല്‍ഗാന്ധിയില്‍  നിന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് അല്‍പേഷ് പറയുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ വാഗ്ദാനത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പായി മറ്റ് ദളിത് നേതാക്കളുമായി ചര്‍ച്ചചെയ്യമെന്നാണ് ജിഗ്‌നേഷ് മേവാനി പറയുന്നത്. 

അടുത്ത കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ദളിത് സംഘടനകളുടെ യോഗം വിളിച്ചുകൂട്ടുമെന്നും അതിന് ശേഷം തീരുമാനം അറിയിക്കുമെന്നും ജിഗ്‌നേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ ഗുജറാത്ത് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗുജറാത്ത് രാഷ്ട്രീയത്തില്‍ പട്ടേല്‍, ഒബിസി, ദളിത് വിഭാഗങ്ങള്‍ക്ക് നിര്‍ണായകമായ സ്വാധീനമുണ്ട്. ഗുജറാത്ത് ജനസംഖ്യയില്‍ 51 ശതമാനവും ഒബിസി വിഭാഗങ്ങളാണ്. 111 സീറ്റുകളില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്. ഗുജറാത്തില്‍ 150 സീറ്റ് നേടി ഭരണതുടര്‍ച്ചയാണ് ബിജെപി ലക്ഷ്യമിടുന്നത്.