കൊല്‍ക്കത്ത: ഗുജറാത്തിന് ഒരിക്കലും ബംഗാളിനു മേല്‍ അധികാരം നേടാന്‍ സാധിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ ബംഗാളികള്‍ തന്നെ ഭരിക്കുമെന്നും വടക്കന്‍ ബംഗാളിലെ ആലിപുര്‍ദ്വാറിലെ റാലിയില്‍ അവര്‍ പറഞ്ഞു. 

ബംഗാളികളും ബെംഗാളികള്‍ അല്ലാത്തവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബിഹാറില്‍നിന്നുള്ളവരോ യു.പിയില്‍നിന്നുള്ളവരോ രാജസ്ഥാനില്‍നിന്നുള്ളവരോ തെരായിയില്‍നിന്നോ ദോവാറില്‍നിന്നുള്ളവരോ ആകട്ടെ നാം എല്ലാവരെയും ഒപ്പം കൂട്ടും. പക്ഷെ നാം ഒരു കാര്യം ഓര്‍ക്കണം ഗുജറാത്തിന് ഒരിക്കലും ബംഗാളിനു മേല്‍ അധികാരം നേടാനാവില്ല. ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാള്‍ ഭരിക്കും- മമത വ്യക്തമാക്കി.

അസമിലും ത്രിപുരയിലും എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ അവര്‍ എല്ലാവരെയും ഭയപ്പെടുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്ററുണ്ട്. എല്ലാ സംസ്ഥാനങ്ങളും അത് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ നാം ഇതുവരെ നടപ്പാക്കിയിട്ടില്ല. അവരെ അത് നടപ്പാക്കാന്‍ നാം അനുവദിക്കില്ല- മമത കൂട്ടിച്ചേര്‍ത്തു. 

content highlights: gujarat will never rule bengal says mamata banerjee