അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് കത്തെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ തടിതപ്പി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലെ  അഞ്ചുമുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ഥികളോടാണ് സ്‌കൂളധികൃതര്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിച്ച് പോസ്റ്റ് കാര്‍ഡ് അയക്കാന്‍ നിര്‍ദ്ദേശിച്ചത്. 

''അഭിനന്ദനങ്ങള്‍, ഇന്ത്യയിലെ പൗരനായ ഞാന്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും നിയമത്തെ പിന്തുണയ്ക്കുന്നു''. ഇത്തരമൊരു സന്ദേശമാണ് പോസ്റ്റ് കാര്‍ഡില്‍ എഴുതണമെന്ന് വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചത്. വിഷയം അറിഞ്ഞ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സ്‌കൂളധികൃതര്‍ മാപ്പ് പറഞ്ഞ് തലയൂരി. 

അതേസമയം പോസ്റ്റ് കാര്‍ഡ് സമര്‍പ്പിക്കാത്ത വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്ന് സകൂളധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ ആരോപിക്കുന്നു. പ്രതിഷേധത്തേ തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച പോസ്റ്റ് കാര്‍ഡുകള്‍ സ്‌കൂളധികൃതര്‍ മാതാപിതാക്കളെ തിരികെ ഏല്‍പ്പിച്ചു.

Content Highlights: A school in Gujarat asked its students to write postcards to PM Modi on CAA. Following a protest by parents, the school has apologised.