അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി ഇത്തവണയും തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നൂറെണ്ണത്തില്‍ പോലും ജയിക്കാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.
സൂറത്തില്‍ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 36 സീറ്റുകളില്‍ ജയിച്ചിരുന്ന സൂറത്തില്‍ ഇത്തവണ വട്ടപൂജ്യമാണ് കോണ്‍ഗ്രസിന്. അതേ സമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്.
ആകെയുള്ള 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഉം കോണ്‍ഗ്രസിന് 51 ഉം സീറ്റുകളിലാണ് ജയിച്ചത്. 20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്. സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഇതിനിടെ അഹമ്മദാബാദില്‍ നാല് സീറ്റുകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് വിജയിക്കാനായിട്ടുണ്ട്.
2015-ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.
Content Highlights: Gujarat Municipal Corporation Elections 2021-Results