അഹമ്മദാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പ് തത്കാലത്തേക്ക് മാറ്റിവെച്ച് പാകിസ്താനെ ആക്രമിക്കണമെന്ന് ഗുജറാത്ത് ടൂറിസം മന്ത്രി ഗണപത് സിങ് വാസവ. ലോക്‌സഭ തിരഞ്ഞെടുപ്പ് അല്പം വൈകിയാലും കുഴപ്പമില്ലെന്നും പാകിസ്താന് തിരിച്ചടി നല്‍കുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും ഗുജറാത്ത് ടൂറിസം മന്ത്രി പറഞ്ഞു. സൂറത്തില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

പാകിസ്താന് തിരിച്ചടി നല്‍കുകയെന്നതാണ് നമ്മള്‍ 125 കോടി ഇന്ത്യക്കാരുടെയും ആവശ്യം. നമ്മുടെ സൈനികരെ കൊന്നൊടുക്കിയ അവര്‍ക്ക് തിരിച്ചടി നല്‍കണം. സൈന്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. തിരിച്ചടി നല്‍കാനുള്ള സമയവും സന്ദര്‍ഭവും തീരുമാനിക്കുമെന്ന് സി.ആര്‍.പി.ആഫ്. പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 

ചടങ്ങില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച അദ്ദേഹം ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ച് പാകിസ്താനെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ടത്.  തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാകിസ്താന് തിരിച്ചടി നല്‍കണമെന്നും ഇനി തിരഞ്ഞെടുപ്പ് ഒരു രണ്ടുമാസം വൈകിയാല്‍ കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു. പാകിസ്താനെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Content Highlights: gujarat minister wants revenge to pakistan before loksabha polls