അഹമ്മദാബാദ്: കേന്ദ്രവിഹിതമായി ലഭിക്കുന്ന സൗജന്യഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം അനുവദിക്കണമെന്ന് ഗുജറാത്ത് മന്ത്രി യോഗേഷ് പട്ടേല്‍. സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിതെന്നാണ് മന്ത്രിയുടെ വാദം. മുഖ്യമന്ത്രി വിജയ് രൂപാനിയും സ്വന്തം മണ്ഡലമായ വഡോദരയിലെ പുതിയ ജില്ലാ കളക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പട്ടേല്‍ അറിയിച്ചു. 

എന്നാല്‍ പട്ടേലിന്റെ പ്രസ്താവന അനുവദിക്കാവുന്നതല്ലെന്ന് പ്രതികരിച്ച് പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമാക്കുകയോ സാമൂഹികക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാത്തതിനാല്‍ ഭക്ഷ്യധാന്യങ്ങള്‍ തടഞ്ഞു വെക്കുന്ന തരത്തിലുള്ള നടപടി സംസ്ഥാനസര്‍ക്കാരിന് സ്വീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.  

ദീപാവലി വരെ രാജ്യത്തെ ആവശ്യക്കാരായ എണ്‍പത് കോടിയോളം ജനങ്ങള്‍ക്ക്  സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ജനജീവിതം കൂടുതല്‍ ദുസ്സഹമായ സാഹചര്യം കണക്കിലെടുത്താണിത്. എന്നാല്‍ ഈ സൗജന്യ ഭക്ഷ്യധാന്യ വിതരണം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് പട്ടേല്‍ ആവശ്യപ്പെടുന്നത്. ഇത് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രോത്സാഹനമാകുമെന്നാണ് പട്ടേലിന്റെ വിശദീകരണം. 

പട്ടേലിന്റെ ഈ ആശയം തികഞ്ഞ 'അസംബന്ധ'മാണെന്ന് വഡോദരയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവുമായ അമി റാവത്ത് പ്രതികരിച്ചു. പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കുമെന്ന് കേന്ദ്രത്തില്‍ ബിജെപി പ്രഖ്യാപിക്കുമ്പോള്‍ പ്രാദേശിക ബിജെപി നേതാക്കള്‍ പാവങ്ങള്‍ക്ക് ലഭിക്കുന്ന സൗജന്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

 

 

Content Highlights: Gujarat minister suggests vaccination as precondition for free Central grains