അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തളര്‍ന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കി. കോര്‍പ്പറേഷനുകള്‍ തൂത്തുവാരിയതിന് പിന്നാലെയാണ് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി വന്‍ ലീഡ് നേടിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം.

31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ബിജെപി നേടി. ഒരിടത്ത് പോലും കോണ്‍ഗ്രസിന് അധികാരം നേടാനായില്ല. 231 താലൂക്ക് പഞ്ചായത്തുകളില്‍ 185 ഇടങ്ങളില്‍ ബിജെപിക്കാണ് വിജയം. 34 താലൂക്ക് പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് നേടി.

ആം ആദ്മി പാര്‍ട്ടിക്ക് 46 ഓളം സീറ്റുകളില്‍ ജയിക്കാനായിട്ടുണ്ട്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സൂറത്തില്‍ കോണ്‍ഗ്രസിനെ മറികടന്ന് ആം ആദമി പാര്‍ട്ടിക്ക് രണ്ടാമതെത്താനായിരുന്നു.

ഒരാഴ്ച മുമ്പ് ഫലം പ്രഖ്യാപിച്ച ആറ് കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയിരുന്നു. 2015-ല്‍ നേടിയ വാര്‍ഡുകളുടെ പകുതി പോലും കോണ്‍ഗ്രസിന് ഇത്തവണ നേടാനായിരുന്നില്ല.

Content Highlights: Gujarat local body election results 2021