അഹമ്മദാബാദ്: ദളിത് സംഘടനാ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍ ഗുജറാത്തില്‍ വ്യാപക പ്രതിഷേധം. ജിഗ്നേഷ് മേവാനി അടക്കം നൂറുകണക്കിനുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അര്‍ഹതപ്പെട്ട ഭൂമി പതിച്ചു കിട്ടാത്തതില്‍ മനംനൊന്ത് ഭാനുഭായ് വങ്കാര്‍ എന്ന 61 കാരനാണ് തീകൊളുത്തി മരിച്ചത്. ജിഗ്നേഷ് മേവാനി നയിക്കുന്ന രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ പ്രവര്‍ത്തകനായിരുന്നു വങ്കാര്‍.

ഗുജറാത്ത് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് സംസ്ഥാന വ്യാപകമായ ദളിത് പ്രക്ഷോഭം. ജനപ്രതിനിധിയായ തന്നെ പോലീസ് കൈയേറ്റം ചെയ്തുവെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു.

മേവാനിയടക്കം നൂറുകണക്കിനു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പലസ്ഥലത്തും പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. പ്രക്ഷോഭത്തെ തുടര്‍ന്ന് വാഹന ഗതാഗതം പലസ്ഥലത്തും തടസപ്പെട്ടുവെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.