ഗാന്ധിനഗര്‍ (ഗുജറാത്ത്): മരുമകളെ സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച ഭര്‍തൃമാതാവിന് 10,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി. ഇത്തരം നീക്കങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റസീലാബെന്‍ എന്ന സ്ത്രീയാണ് മരുമകളെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് തന്റെ മരുമകള്‍ ചേതന സര്‍ക്കാര്‍ ജോലി സമ്പാദിച്ചതെന്ന് അവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അവിവാഹിതയാണെന്ന് അവകാശപ്പെട്ടാണ് ചേതന ഗുജറാത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍വഴി ജോലി നേടിയത് എന്നാണ് റസീലാബെന്നിന്റെ വാദം. എന്നാല്‍ 2016 മുതല്‍ യുവതിയുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്ന് ഭര്‍തൃമാതാവ് ചൂണ്ടിക്കാട്ടി. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ച് ജോലി നേടിയത് നിയമ ലംഘനമാണെന്നും അതിനാല്‍ ജോലിയില്‍നിന്ന് മരുമകളെ പിരിച്ചുവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമാണിത്. അസാധാരണവും വിചിത്രവുമാണ് ഹര്‍ജിയിലെ ആവശ്യം. ഇത്തരം കാര്യങ്ങള്‍ അഭിഭാഷകര്‍ പ്രോത്സാഹിപ്പിക്കുന്നത് ദുഃഖകരമാണ്. ഇത്തരം പരാതികള്‍ ബന്ധപ്പെട്ട ഫോറങ്ങളില്‍ ഉന്നയിക്കാന്‍ ഹര്‍ജിക്കാരെ ഉപദേശിക്കുകയാണ് അഭിഭാഷകര്‍ ചെയ്യേണ്ടത്. ഇത്തരം ഹര്‍ജികള്‍ കോടതിയുടെ സമയം കളയുകയാണ് ചെയ്യുന്നത്. അതിനാല്‍ ഹര്‍ജിക്കാരി 15 ദിവസത്തിനകം 10,000 രൂപ പിഴ അടയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Content Highlights: Gujarat HC fines woman for 'frivolous' petition against daughter-in-law