അഹമ്മദാബാദ്: യേശുക്രിസ്തുവും പ്രവാചകന്‍ മുഹമ്മദ് നബിയും ഗോരക്ഷാവാദികളാണെന്ന് ഗുജറാത്ത് ഗോസേവ ഗോചര്‍ വികാസ് ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഗോവന്ദന കാര്യസരിത എന്ന തലക്കെട്ടിലുള്ള പ്രസിദ്ധീകരണത്തിലാണ് പ്രവാചകനെയും ക്രിസ്തുവിനെയും ഉദ്ധരിച്ച്  ഗോരക്ഷാ സംബന്ധമായ പരാമര്‍ശമുള്ളത്. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളുടെ ഉദ്ധരണികള്‍ ചേര്‍ത്താണ് പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്.

പശുക്കിടാങ്ങളെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു തുല്ല്യമാണെന്ന് ക്രിസ്തു പറഞ്ഞതായി പ്രസിദ്ധീകരണത്തില്‍ ഉദ്ധരിക്കുന്നു. 'പശുക്കളെ ബഹുമാനിക്കണം, കാരണം അത് മൃഗങ്ങളില്‍ വിശേഷപ്പെട്ടവളാണ്. പശു നല്‍കുന്ന പാലും നെയ്യുമെല്ലാം അമൃതിന് തുല്ല്യമാണ്. ഗോമാംസം കഴിക്കുന്നത് രോഗങ്ങളുടെ പ്രധാന കാരണമാകും.' പ്രവാചകന്‍ മുഹമ്മദ് നബി ഇങ്ങനെ പറഞ്ഞിട്ടുള്ളതായി ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

എന്നാല്‍ പ്രസിദ്ധീകരണം അടിസ്ഥാനരഹിതമായ ഉദ്ധരണികളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന ആരോപണവുമായി അനവധി പേര്‍ രംഗത്തെത്തി. അറേബ്യയിലാണ് മുഹമ്മദ് നബി ജീവിച്ചതെന്നും അവിടെ പശുക്കളില്ലെന്നും അദ്ദേഹം ജീവിതത്തിലൊരിക്കലും പശുവിനെ കണ്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇത്തരത്തിലൊരു പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നും ജമിയാത്തെ ഉല്‍മാ ഹിന്ദിന്റെ ഗുജറാത്ത് ഘടകം ജനറല്‍ സെക്രട്ടറി മുഫ്തി അബ്ദുല്‍ ഖയ്യൂം ഹഖ് പ്രതികരിച്ചു. 

ക്രിസ്തു എല്ലാ ജീവജാലങ്ങളോടും അനുകമ്പ കാട്ടണമെന്നാണ് പറഞ്ഞതെന്നും അല്ലാതെ പശുവിനെക്കുറിച്ച് പ്രത്യേകം ഒന്നും പറഞ്ഞിട്ടില്ലെന്നും സെന്റ് സേവിയര്‍ ലയോള ഹാള്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാ. എഫ്. ദുരൈ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ വിശ്വസനീയമായ രേഖകളില്‍നിന്നാണ് ക്രിസ്തുവിന്റെയും നബിയുടെയും ഉദ്ധരണികള്‍ എടുത്തിട്ടുള്ളതെന്നും ഇതിലൂടെ ബീഫിന്റെ ഉപയോഗം കുറയ്ക്കാനും ഗോവധം തടയാനുമാണ് ലക്ഷ്യമിടുന്നതെന്നും ഗോസേവ ബോര്‍ഡ് ചെയര്‍മാന്‍ വല്ലബ് കഠീരിയ പറഞ്ഞു.