Teesta Setalvad, R B Sreekumar, and Sanjiv Bhatt | Photo: AP Photo, Mathrubhumi and PTI
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ കേസുകളിലൂടെ സര്‍ക്കാരിനെ വേട്ടയാടിയവര്ക്കെതിരേ ആഭ്യന്തരമന്ത്രി അമിത് ഷാ അഭിമുഖത്തിലൂടെ ആഞ്ഞടിച്ചതിനു പിന്നാലെ പോലീസിന്റെ അറസ്റ്റുകളുമുണ്ടായി. തീസ്ത സെതല്‍വാദിന്റെ പേരെടുത്തു പറഞ്ഞായിരുന്നു അമിത് ഷാ എ.എന്‍.ഐ.ക്ക് അഭിമുഖം നല്‍കിയത്. തീസ്തയുടെ എന്‍.ജി.ഒ. തയ്യാറാക്കിക്കൊടുത്ത സത്യവാങ്മൂലങ്ങളില്‍ അവ എന്തെന്നുപോലും അറിയാതെ ഇരകള്‍ ഒപ്പുവെക്കുകയായിരുന്നെന്ന് ഷാ കുറ്റപ്പെടുത്തി. ബി.ജെ.പി. പ്രവര്‍ത്തകരെ പ്രതികളാക്കി അനേകം വ്യാജപരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ കൊടുപ്പിച്ചെന്നും ആരോപിച്ചു.
അഭിമുഖം ചാനലുകള്‍ സംപ്രേഷണംചെയ്തു തുടങ്ങുമ്പോഴേക്കും ഗുജറാത്ത് പോലീസ് സംഘം മുംബൈയിലെ തീസ്തയുടെ വീട്ടിലെത്തിയിരുന്നു. മറ്റൊരുസംഘം ഗാന്ധിനഗറിലെ ശ്രീകുമാറിന്റെ വസതിയിലുമെത്തി. വിശദമായ എഫ്.ഐ.ആറും ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഡി.ബി. ബറാഡ് തയ്യാറാക്കിയിരുന്നു. വെള്ളിയാഴ്ച കോടതിവിധി വന്നപ്പോള്‍തന്നെ നീക്കങ്ങള്‍ തുടങ്ങിയിരുന്നെന്ന് വ്യക്തം. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നീങ്ങുന്നത് തടയുകയായിരുന്നു ഉദ്ദേശ്യം.
സഞ്ജീവ് ഭട്ടിന് പിന്നാലെ ശ്രീകുമാറും
ഗുജറാത്ത് കലാപത്തിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബി.ജെ.പി. സര്‍ക്കാരിന് നിരന്തരം തലവേദനയുണ്ടാക്കിയ രണ്ട് മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥരാണ് സഞ്ജീവ് ഭട്ടും (58) ആര്.ബി. ശ്രീകുമാറും(75). കലാപത്തിനുപിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഇരുവരും ഇപ്പോള്‍ ഗൂഢാലോചനയില്‍ കൂട്ടുപ്രതികളായി.
സഞ്ജീവ് ഭട്ട് ജാംനഗറിലെ ജംജോധ്പുരില്‍ 1992-ലെ ഒരു കസ്റ്റഡിമരണക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. മോദിക്കെതിരായ വെളിപ്പെടുത്തലുകള്‍ക്കുശേഷമാണ് ഇദ്ദേഹത്തെ പ്രോസിക്യൂട്ടുചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരു അഭിഭാഷകനെ വ്യാജക്കേസില്‍ കുടുക്കാന്ശ്രമിച്ച കേസിലെ വിചാരണയും നടക്കുന്നു. കലാപത്തോട് മൃദുസമീപനം പുലര്‍ത്താന്‍ മോദി, ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചെന്ന ഭട്ടിന്റെ വെളിപ്പെടുത്തലാണ് അദ്ദേഹത്തെ അപ്രീതിക്കിരയാക്കിയത്. ഇതിനായി വ്യാജരേഖ ചമച്ചതടക്കമുള്ള കണ്ടെത്തലുകളെത്തുടര്‍ന്ന് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു.
ആര്.ബി. ശ്രീകുമാറിന്റെ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ഗുജറാത്ത് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, നിയമപോരാട്ടങ്ങളിലൂടെ അദ്ദേഹം അതെല്ലാം നേടിയെടുത്തു. കലാപകാലത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പോലീസിനെ തടസ്സപ്പെടുത്തിയെന്നാണ് കമ്മിഷനുകളിലും കോടതികളിലും ശ്രീകുമാര്‍ വാദിച്ചത്. എന്നാല്‍, ഇതിനായി വ്യാജരേഖകള്‍ ചമച്ചുവെന്നാണ് ഇപ്പോള്‍ ആരോപണം. കലാപവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ വിശദീകരിച്ച് ശ്രീകുമാര്‍ ഒരുപുസ്തകവും എഴുതി. ഐ.ബി.യില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ നമ്പി നാരായണനെയും മറ്റും പ്രതികളാക്കാന്ശ്രമിച്ചതിന് ശ്രീകുമാറിന്റെ പേരില്‍ സി.ബി.ഐ. കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ക്കെതിരേ ചുമത്തിയ വകുപ്പുകള്‍
തീസ്തക്കും സംഘത്തിനുമെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ സത്യവാങ്മൂലമായി നല്കല്, വ്യാജ തെളിവുകള്‍ നല്കല്, അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജക്കുറ്റങ്ങള്‍ ആരോപിക്കല്‍, ഉദ്യോഗസ്ഥര്‍ തെറ്റായ രേഖകള്‍ സൃഷ്ടിക്കല്‍, ഗൂഢാലോചന എന്നിവയ്ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..