അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി (പി.എ.എ.എസ്) നേതാവ് ഹാര്‍ദിക് പട്ടേല്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കേടുവന്നില്ലെങ്കില്‍ ബി.ജെ.പി പരാജയപ്പെടുകതന്നെ ചെയ്യും. വോട്ടിങ് യന്ത്രങ്ങളില്‍ 100 ശതമാനം സംശയമുണ്ടെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ വി.വി പാറ്റ് യന്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ഹാര്‍ദിക് പട്ടേല്‍ ആരാഞ്ഞു. ഈ വിഷയത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട് തനിക്ക് മനസിലായിട്ടില്ല. വോട്ടിങ് യന്ത്രങ്ങള്‍ കേടുവന്നാലും വോട്ടെണ്ണല്‍ സുതാര്യമായി നടത്താന്‍ വി.വി പാറ്റ് സംവിധാനം ആവശ്യമാണെന്നും ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടു.

വോട്ടെണ്ണലിനൊപ്പം വി.വി പാറ്റ് യന്ത്രത്തിലെ സ്ലിപ്പുകളും എണ്ണണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശദമായ പരാതി സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഓരോ മണ്ഡലത്തിലെയും 20 ശതമാനം ബൂത്തുകളില്‍ വോട്ടെണ്ണലിനൊപ്പം വി.വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തിരഞ്ഞെടുപ്പിന്റെ സുതാര്യത ജനങ്ങള്‍ക്ക് ഉറപ്പുവരാന്‍ ഇത് അത്യാവശ്യമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, ഹര്‍ജി പിന്‍വലിക്കാനും തിരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച സമഗ്രമായ പരാതി നല്‍കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവിന് അനുമതി നല്‍കിയിരുന്നു.