'കോണ്‍ഗ്രസില്‍ വിശ്വാസം കുറഞ്ഞു';ഗുജറാത്തില്‍ ന്യൂനപക്ഷ വോട്ടുബാങ്ക്‌ ഭിന്നിച്ചതിങ്ങനെ


പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി.യുടെ തരംഗം പ്രകടമാണെങ്കിലും ആം ആദ്മി പാര്‍ട്ടിക്കൊപ്പം ഒവൈസിയുടെ എഐഎംഐഎമ്മും പിടിച്ച വോട്ടുകള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കൂടുതല്‍ ആക്കംകൂട്ടിയെന്ന് കണക്കുകള്‍.

ഗുജറാത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് പോയതോടെ വിവിധ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. പതിറ്റാണ്ടുകളായി ഗുജറാത്തിലെ ന്യൂനപക്ഷങ്ങളില്‍ പ്രധാനമായും മുസ്ലിങ്ങള്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത വോട്ടര്‍മാരായിരുന്നു. പ്രത്യേകിച്ച് 2002 കലാപത്തിന് ശേഷം.

കലാപത്തിന് ശേഷം ഹിന്ദുവോട്ടുകള്‍ ഏകീകരണത്തില്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍. ക്ഷത്രിയ-ദളിത്-ആദിവാസി-മുസ്ലിം വോട്ടര്‍മാരായിരുന്നു കോണ്‍ഗ്രസിന്റെ ശക്തി. ഈ സമവാക്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന് ഓരോ തിരഞ്ഞെടുപ്പുകളിലും സീറ്റുകളും വോട്ടിങ് ശതമാനവും വര്‍ധിപ്പിക്കാനായിരുന്നു.

എന്നാല്‍ എഎപിയുടേയും എഐഎംഐഎമ്മിന്റേയും കടന്നുവരവ് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കിനെ അസ്വസ്ഥമാക്കുക മാത്രമല്ല അത് ബിജെപിക്ക് ഗുണകരമാകുകയും ചെയ്തു.

ബിജെപിക്ക് ബദലായി ഉയര്‍ന്നുവരുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് ന്യൂനപക്ഷങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസ്യത നഷ്ടമായതെന്നാണ് മുസ്ലീം ആധിപത്യമുള്ള സീറ്റുകളിലെ വോട്ടിംഗ് രീതി കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഒരു ബദല്‍ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ നിശ്ശബ്ദ പ്രചാരണവും പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ന്യൂനപക്ഷങ്ങളില്‍ വലിയൊരു വിഭാഗം എഎപിയിലേക്ക് മാറിയതും ഫലത്തില്‍ പ്രതിഫലിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഓളം സൃഷ്ടിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് ഗുജറാത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

'ന്യൂനപക്ഷങ്ങളോ സാധാരണക്കാരോ ആകട്ടെ ഒരു ബദല്‍ അന്വേഷിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് പരാജയമായി കാണപ്പെട്ടു. അവര്‍ക്ക് മുന്നില്‍ എഎപി ആയിരുന്നു ഏക ഓപ്ഷന്‍ അതവര്‍ തിരഞ്ഞെടുത്തു. വിശ്വാസ്യത തിരിച്ചുപിടിക്കുക കോണ്‍ഗ്രസിന് പ്രയാസകരമാണ്' രാഷ്ട്രീയ നിരീക്ഷകനായ ദിലീപ് ഗോഹില്‍ പറഞ്ഞു.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് ആറ് പേര്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് സീറ്റുനല്‍കിയത്. എഎപി മൂന്ന് പേരെയാണ് നിര്‍ത്തിയത്. എഐഎംഐഎം മത്സരിച്ച 13-ല്‍ 12 പേരും മുസ്ലിംകളായിരുന്നു.

എഐഎംഐഎമ്മിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല. എഎപി അഞ്ചു സീറ്റുകളിലാണ് ജയിച്ചത്. കോണ്‍ഗ്രസ് 41.44 ശതമാനത്തില്‍നിന്ന് 28 ശതമാനത്തിലേക്ക് വോട്ടുവിഹിതം കൂപ്പുകുത്തി. എഎപി 12.9 ശതമാനം വോട്ടുപിടിച്ചിട്ടുണ്ട്.

എഎപിയും എഐഎംഐഎമ്മും കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ തടഞ്ഞത് എങ്ങനെയെന്നതിന്റെ ഉദാഹരങ്ങളിലൊന്നാണ് ദരിയാപുര്‍ സീറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ദരിയാപുര്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ ഗയാസുദ്ദീന്‍ ശൈഖ് ബിജെപിയുടെ കൗശിക് ജെയിനോട് തോറ്റത് 5243 വോട്ടുകള്‍ക്കാണ്. ഇവിടെ എഎപി സ്ഥാനാര്‍ഥിക്ക് 4164 വോട്ടുകളും എഐഎംഐഎം സ്ഥാനാര്‍ഥിക്ക് 1771 വോട്ടുകളും ലഭിച്ചുവെന്നതാണ് ശ്രദ്ധേയം.

മറ്റൊരു മണ്ഡലമായ ജമാല്‍പുര്‍ ഖാദിയയില്‍ കോണ്‍ഗ്രസിന്റെ ഇമ്രാന്‍ ഖേദാവല തുടര്‍ച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു, എങ്കിലും 2017-ല്‍ 75000 വോട്ടുകള്‍ പിടിച്ച അദ്ദേഹത്തിന് ഇത്തവണ ലഭിച്ചത് 58487 വോട്ടുകള്‍. ഇവിടെ എഐഎംഐഎം 15677 വോട്ടുകളും എഎപി 5887 വോട്ടുകളും പിടിച്ചിട്ടുണ്ട്.

ബാപുനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ ഹിമ്മത് സിന്‍ഹ് പട്ടേല്‍ ബിജെപിയുടെ ദിനേഷ് സിന്‍ഹ് കുശ്വാഹയോട് 12070 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇവിടെ മത്സരിച്ച എഎപി സ്ഥാനാര്‍ഥിക്ക് 6384 വോട്ടുകളും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 3671 വോട്ടുകളും ലഭിച്ചു.

മന്‍ഗ്രോള്‍ സീറ്റില്‍ രണ്ടു തവണ എംഎല്‍എ ആയിട്ടുള്ള കോണ്‍ഗ്രസിന്റെ ബാബുഭായ് വാജ ബിജെപിയുടെ കര്‍ഗാതിയ ലഖഭായിയോട് 22501 വോട്ടുകള്‍ക്കാണ് തോറ്റത്. ഇവിടെ എഎപി 34314 വോട്ടുകളാണ് സ്വന്തമാക്കിയത്. എഐഎംഐഎം 10789 വോട്ടുകളും പിടിച്ചു.

മുസ്ലിം -ദളിത് ആധിപത്യമുള്ള ദനില്‍മാത സീറ്റില്‍ എഎപിയും ഒവൈസിയുടെ പാര്‍ട്ടിയും മത്സരിച്ച് വോട്ട്ബാങ്ക് ഭിന്നിച്ചിട്ടും ബിജെപി ശക്തമായ മത്സരം നടത്തിയിട്ടും കോണ്‍ഗ്രസിന് ജയിക്കാനായതാണ് ഇതില്‍ വ്യത്യസ്തത പുലര്‍ത്തുന്നത്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റ്ങി എംഎല്‍എ ഷൈലേഷ് പര്‍മാര്‍ 13525 വോട്ടുകള്‍ക്കാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. 2012-ലും 2017-ലും ലഭിച്ച അത്ര ഭൂരിപക്ഷം ഇത്തവണ കിട്ടിയില്ലെന്ന് മാത്രം.

ഗോധ്രയില്‍ ബിജെപിയുടെ സി.കെ.റൗള്‍ജി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത് 35198 വോട്ടുകള്‍ക്കാണ്. 2017-ല്‍ ബിജെപി ഇവിടെ 358 വോട്ടുകള്‍ക്ക് മാത്രമാണ് ജയിച്ചത്. ഇവിടെ ആം ആദ്്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി 11827 ഉം എഐഎംഐഎം സ്ഥാനാര്‍ഥി 9508 വോട്ടും നേടി.

സൂറത്തിലെ മറാത്തി, മുസ്ലീം ആധിപത്യമുള്ള ലിംബായത്ത് മണ്ഡലത്തില്‍ ബിജെപി എംഎല്‍എ സംഗീത പാട്ടീല്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി. തൊട്ടടുത്ത എതിരാളിയായ ആം ആദ്മി പാര്‍ട്ടിയുടെ പങ്കജ് തയേദയെ 58,009 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ പരാജയപ്പെടുത്തിയത്. ഈ സീറ്റില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Content Highlights: Gujarat Election Results: AAP, A Owaisi's Party Split Minority Votes Of Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented