മോദിയും രാഹുലും കെജ്‌രിവാളും കളത്തില്‍; ഗുജറാത്തില്‍ പ്രചാരണം കൊഴുപ്പിച്ച് പാർട്ടികള്‍‌


കൂടുതല്‍ വോട്ടര്‍മാരിലേക്ക് എത്താനുള്ള പ്രചാരണപരിപാടികളാണ് എല്ലാ പാര്‍ട്ടികളും നടത്തുന്നത്

മോദിയും രാഹുലും കെജ്‌രിവാളും പ്രചാരണത്തിൽ | Photo: PTI, ANI

അഹമ്മദാബാദ്: ഡിസംബര്‍ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രചാരണം കൊഴുപ്പിച്ച് പ്രമുഖ പാർട്ടികളുടെ നേതാക്കളെല്ലാം ഒരേസമയം രംഗത്ത്. ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും സജീവമായി പ്രചാരണരംഗത്തുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. കൂടുതല്‍ വോട്ടര്‍മാരിലേക്ക് എത്താനുള്ള പ്രചാരണപരിപാടികളാണ് എല്ലാ പാര്‍ട്ടികളും നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മൂന്ന് റാലികളില്‍ പ്രസംഗിച്ചു. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സുരേന്ദ്രനഗര്‍, ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നവ്‌സാരി, ബറൂച്ച് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മോദി എത്തിയത്‌. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സംസ്ഥാനത്ത് പ്രചാരണത്തിലുണ്ട്. അമിത് ഷായും ജെ.പി. നദ്ദയും ചൊവ്വാഴ്ച നാല് റാലികളില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. അറിയിച്ചു.മഹാരാഷ്ട്രയില്‍ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന്‌ അവധിയെടുത്ത രാഹുല്‍ ഗാന്ധി, തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് എത്തിയത്. നവംബര്‍ 12-ന് വോട്ടെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ പ്രചാരണത്തിന് എത്തിയിരുന്നില്ല. തിങ്കളാഴ്ച ഗുജറാത്തില്‍ എത്തിയ രാഹുല്‍ സൂറത്തിലും രാജ്‌കോട്ടിലും റാലികളില്‍ പങ്കെടുത്തിരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, രമേശ് ചെന്നിത്തല എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. നവംബര്‍ 20 മുതല്‍ സംസ്ഥാനത്തുള്ള അരവിന്ദ് കെജ്‌രിവാള്‍ ചൊവ്വാഴ്ച കംഭാലിയയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരേ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസത്തെ റാലിയില്‍ മോദി ഉന്നയിച്ചത്. മുമ്പെങ്ങോ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍, അധികാരത്തില്‍നിന്ന്‌ പുറത്താക്കപ്പെട്ടവര്‍ യാത്ര നടത്തുകയാണെന്ന് ഭാരത് ജോഡോ യാത്രയെ ലക്ഷ്യമിട്ട് മോദി വിമര്‍ശനം ഉന്നയിച്ചു. 40 വര്‍ഷം നര്‍മദ അണക്കെട്ട് പദ്ധതി തടഞ്ഞവര്‍ക്കൊപ്പമാണ് അവര്‍ നടക്കുന്നതെന്ന് മേധാ പട്കര്‍ യാത്രയില്‍ പങ്കെടുത്തതിനെ ലക്ഷ്യം വെച്ചും മോദി പറഞ്ഞു. ഗുജറാത്തിന്റെ ഉപ്പുതിന്നുന്നവര്‍ ഈ നാടിനെ അവഹേളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

മോര്‍ബി ദുരന്തത്തില്‍ ബി.ജെ.പി. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. മോര്‍ബിയിലെ തൂക്കുപാലം തകര്‍ന്ന് 135 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ യഥാര്‍ഥ കാരണക്കാര്‍ക്കെതിരേ
നടപടിയൊന്നുമുണ്ടായില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബി.ജെ.പി. പിന്തുടരുന്നത് അഴിമതി- കമ്മിഷന്‍ മോഡലാണെന്ന് ബി.ജെ.പിയുടെ ഗുജറാത്ത് മോഡല്‍ പ്രചാരണത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി നല്ലബന്ധമുള്ളതിനാലാണ് ദുരന്തത്തിന്റെ കാരണക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ ശബ്ദം കേള്‍ക്കാനാണ് യാത്ര ചെയ്യുന്നതെന്നും അത് ഹെലികോപ്റ്ററിലോ വാഹനത്തിലോ അല്ലെന്നും ജനങ്ങള്‍ക്കൊപ്പം നടന്നാണെന്നും ഭാരത് ജോഡോ യാത്രയ്ക്കുള്ള വിമര്‍ശനത്തിന് അദ്ദേഹം മറുപടി നല്‍കിയിരുന്നു.

Content Highlights: gujarat election december 1st first phase polling election campaign narendra modi rahul gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented