Aravind Kejriwal, Rahul Gandhi
ഡല്‍ഹിയിലും പഞ്ചാബിലും ഭരണം. ഗോവയില്‍ രണ്ട് എംഎല്‍എമാര്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനത്തോടെ അഞ്ച് സീറ്റില്‍ വിജയം. പാര്‍ട്ടി രൂപീകൃതമായി കേവലം പത്ത് വര്‍ഷത്തിനുള്ളില്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചടക്കിയ നേട്ടങ്ങളാണിത്. ഇത്ര ചെറിയ കാലയളവിനുള്ളില്‍ ഒരുപാര്‍ട്ടിക്ക് നാല് സംസ്ഥാനങ്ങളില്‍ ആഴത്തില്‍ വേരുറപ്പിക്കാനായത് ഒട്ടും ചെറിയ കാര്യമല്ല. ഡല്‍ഹി വഴി പഞ്ചാബിലെത്തി മറ്റു സംസ്ഥാനങ്ങളിലേക്കും കടന്നുകയറുന്ന ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടം ഇനി ദേശീയ രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗുജറാത്തിലെ പ്രകടനം ഹിമാചലില്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും ഗുജറാത്തിലെ നേട്ടത്തിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് ദേശീയപാര്‍ട്ടി പദവിയും ലഭിക്കും. നാലിടത്ത് സംസ്ഥാനപദവിയുണ്ടെങ്കില് ദേശീയപാര്ട്ടിയാവാമെന്ന മാനദണ്ഡമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിലൂടെ എഎപി പാലിച്ചത്. ഡല്‍ഹി, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ എഎപി നേരത്തേതന്നെ സംസ്ഥാനപാര്ട്ടിയാണ്. നിയമസഭയിലേക്ക് രണ്ടുസീറ്റും ആറു ശതമാനമെങ്കിലും വോട്ടും ലഭിച്ചാല്‍ സംസ്ഥാനപാര്ട്ടിയാകാം. വോട്ടുവിഹിതം ആറുശതമാനത്തില്‍ താഴെയാണെങ്കില്‍ മൂന്നുസീറ്റ് വേണം. ഗുജറാത്തില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ച എഎപി 12.92 ശതമാനത്തോളം വോട്ടു വിഹിതം നേടിയാണ് മോദിയുടെ നാട്ടിലും സംസ്ഥാന പാര്‍ട്ടിയായി മാറുന്നത്.
ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇത്തവണ 13 ശതമാനത്തിനടുത്തേക്ക് വോട്ടുവിഹിതം വര്‍ധിപ്പിച്ചത്. ഗുജറാത്തിലെ 35 ലക്ഷം വോട്ടര്‍മാരുടെ പിന്തുണയുമായാണ് ബിജെപിയുടെ തട്ടകത്തില്‍ എഎപി സാന്നിധ്യം അറിയിച്ചത്. എഎപി പിടിച്ച വോട്ടുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായതും. ഹിമാചലിനെ അപേക്ഷിച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മനസ്സിലാക്കി ആ വിടവില്‍ കയറിപ്പറ്റുകയായിരുന്നു അവര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മനുമെല്ലാം ഗുജറാത്തില്‍ തമ്പടിച്ചു നടത്തിയ പ്രചാരണം പാര്‍ട്ടിക്ക് തുണയാവുകയും ചെയ്തു.
സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പരമാവധി ചോര്ത്താനുതകുന്ന ജാതിസമവാക്യങ്ങള്‍ പാലിച്ചു. പട്ടേല്‍സമര നേതാക്കളെയും ആദിവാസി പ്രക്ഷോഭകരെയും പാര്‍ട്ടിയിലെത്തിച്ചു. കോണ്ഗ്രസ്സിനുമുന്നിലെ ശൂന്യതയിലേക്ക് കൃത്യമായി കടന്നുകയറാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. നഗരകേന്ദ്രീകൃത പാര്‍ട്ടിയായതിനാല്‍ നഗരങ്ങളിലെ ബി.ജെ.പി.യുടെ വോട്ടാണ് എ.എ.പി. കൊണ്ടുപോവുകയെന്നും ഗ്രാമങ്ങള്‍ സുരക്ഷിതമാണെന്നും കോണ്‍ഗ്രസ് കരുതി. പക്ഷേ, ചെറിയഭൂരിപക്ഷത്തിനുമാത്രം കോണ്‍ഗ്രസ് ജയിച്ചുപോന്ന ഗ്രാമീണമേഖലയിലും ആപ്പിന്റെ ചെറിയ സാന്നിധ്യംപോലും അവര്‍ക്ക് തിരിച്ചടിയായി.
ഇതോടെ കഴിഞ്ഞ തവണ 77 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 17 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന്റെ വലിയൊരു ശതമാനം വോട്ടുകളും എഎപിയിലേക്ക് പോയെന്ന് ഇതിലൂടെ വ്യക്തം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 41.44 ശതമാനത്തില്‍നിന്ന് 27.28 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2017-ല്‍ 49.05 ശതമാനം വോട്ടുണ്ടായിരുന്ന ബി.ജെ.പി.ക്ക് 52.50 ശതമാനം വോട്ടും ലഭിച്ചു.
ഇന്നലെവരെ ബിജെപി-കോണ്‍ഗ്രസ് ദ്വിമുഖ രാഷ്ട്രീയത്തിന്റെ വേദിയായ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം രാഷ്ട്രീയമായി നോക്കുമ്പോള്‍ ചെറുതല്ല. ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പിടിച്ചെടുത്തതിന് പിന്നാലെ ഗുജറാത്ത് നിയമസഭയില്‍ സാന്നിധ്യമുണ്ടാക്കാനായത് ദേശീയ രാഷ്ട്രീയത്തിലും അവര്‍ക്കു നേട്ടമാകും. കോണ്‍ഗ്രസിന്റെ വന്‍ തകര്‍ച്ചയ്ക്ക് വഴിവെച്ച് ഗുജറാത്തിലും തങ്ങളുടെ സാന്നിധ്യത്തിന് തുടക്കംകുറിക്കുമ്പോള്‍ രാജ്യത്ത് കോണ്‍ഗ്രസിന് പകരം പ്രതിപക്ഷ നേതൃനിരയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനം ഉറപ്പിക്കുകയാണ്. ഒപ്പം അരവിന്ദ് കെജ്രിവാളിന്റെ ദേശീയ നേതൃനിരയിലേക്കുള്ള സ്ഥാനക്കയറ്റവും.
ഡല്‍ഹിക്ക് പുറമേ പഞ്ചാബിലും ഭരണം നേടിയ എഎപി ഹരിയാനയിലും ഹിന്ദി ഹൃദയഭൂമിയിലെ മറ്റിടങ്ങളിലും സാന്നിധ്യം അറിയിച്ചുതുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കെജ്രിവാള് സ്വീകാര്യനാകുമോയെന്ന ചോദ്യമാണ് ഇനി ഉയരുന്നത്. 2024-ല്‍ നരേന്ദ്ര മോദിക്ക് ബദല്‍ ആരെന്ന ചോദ്യത്തിന് ഉത്തരമാണോ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നും കാത്തിരുന്ന് കാണാം.
Content Highlights: gujarat election AAP wins five seats 13 percentage vote share
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..