
പ്രതീകാത്മക ചിത്രം | Photo: PTI
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വഡോദരയിലെ കര്‍ജാന്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിനായി പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ റിട്ടേണിങ് ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സ്ഥാനാര്‍ത്ഥി അക്ഷയ് പട്ടേല്‍ വോട്ടിനായി പണം വിതരണം ചെയ്തതെന്ന് ആരോപിച്ച്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിരിത്സ്സിങ് ജഡേജ നല്കിയ പരാതിയിലാണ് അന്വേഷണം.
ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് സീറ്റുകളില്‍ ഒന്നാണ് കര്‍ജാന്‍. വോട്ടെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകര്‍ എന്നാരോപിക്കുന്നവര്‍ പണം വിതരണം ചെയ്യുന്നതായി കാണിക്കുന്ന രണ്ട് വീഡിയോകള്‍ ജഡേജയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ഉപേന്ദ്രസിങ് റാണ സമര്‍പ്പിച്ച പരാതിക്ക് ഒപ്പം സമര്‍പ്പിച്ചിരുന്നു. അക്ഷയ് പട്ടേലിനും വീഡിയോയില്‍ കണ്ട ബിജെപി പ്രവര്‍ത്തകര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് റാണ തന്റെ പരാതിയില്‍ ആവശ്യപ്പെട്ടു. ഇരു ബുത്തുകളിലെയും വോട്ടിങ് റദ്ദാക്കണമെന്നും റാണ ആവശ്യപ്പെട്ടു.
പരാതി ലഭിച്ചിട്ടുണ്ടെന്നും ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും കര്‍ജാന്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കെ.ആര്. പട്ടേല്‍ പറഞു. ഇന്ന് രാവിലെ ഞങ്ങള്‍ക്ക് പരാതി ലഭിച്ചു. ഗുരുതരമായ വിഷയമായതിനാല്‍ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു.' -പട്ടേല്‍ പറഞ്ഞു.
പരാതിക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന വീഡിയോകള്‍ എപ്പോഴാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ വീഡിയോകളിലൊന്നില്‍, കുങ്കുമ നിറത്തിലുള്ള മുഖാവരം ധരിച്ചവര്‍ വോട്ടര്‍മാര്‍ക്ക് 100 രൂപ നോട്ടുകള്‍ നല്‍കുന്നതും താമര ചിഹ്നം അമര്‍ത്താന്‍ ആവശ്യപ്പെടുന്നതും കാണാമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Gujarat bypolls: Inquiry ordered after videos show BJP workers distributing cash for votes in Karjan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..