Representational image | File photo: AFP
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വ്യാഴാഴ്ച. സൗരാഷ്ട്ര-കച്ച് മേഖലകളിലെയും തെക്കന്‍ഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ജനവിധി. 788 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന വോട്ടെടുപ്പിനായി 14,382 പോളിങ്സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പു നടക്കുന്ന 89 മണ്ഡലങ്ങളില്‍ 48 എണ്ണം 2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്വന്തമാക്കിയതാണ്. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.
കോണ്‍ഗ്രസും ബി.ജെ.പി.യും 89 സീറ്റുകളിലും മത്സരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ഇക്കുറി ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി അവസാനനിമിഷം പിന്‍വാങ്ങി ബി.ജെ.പി.യില്‍ ചേക്കേറിയതിനാല്‍ എ.എ.പി.ക്ക് 88 സ്ഥാനാര്ഥികളേ ഉള്ളൂ. ബി.എസ്.പി. (57), ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (14), സി.പി.എം. (4) തുടങ്ങി 36 മറ്റു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 339 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
ഡിസംബര്‍ അഞ്ചിന് 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടം; എട്ടിന് ഹിമാചല്‍പ്രദേശിനൊപ്പം ഫലമറിയാം.
സൗരാഷ്ട്രയില്‍ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി.
ഗുജറാത്തില്‍ വ്യാഴാഴ്ച ബൂത്തിലെത്തുന്ന സൗരാഷ്ട്ര മേഖലയിലെ ഫലം നിര്‍ണായകമാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. നേതൃത്വം. രാജ്കോട്ട് സിരാകേന്ദ്രമായി 11 ജില്ലകളിലും കച്ചിലുമായി 54 മണ്ഡലങ്ങളാണ് ഈ മേഖലയില്‍. 2012-ല്‍ ബി.ജെ.പി.ക്ക് 35-ഉം കോണ്‍ഗ്രസിന് 16-ഉം എം.എല്‍.എ.മാര്‍ ഉണ്ടായിരുന്നു. 2017-ല്‍ 30 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിലെത്തിയപ്പോള്‍ ബി.ജെ.പി. 23-ലേക്ക് താണു. പട്ടേല്‍ സമരവും കര്‍ഷകരോഷവുമായിരുന്നു കാരണം. പട്ടേലുമാര്‍ ബി.ജെ.പി.യിലേക്ക് തിരിച്ചെത്തിയതും കോണ്‍ഗ്രസിന്റെ ചില ഒ.ബി.സി. എം.എല്‍.എ.മാര്‍ ഒപ്പമുള്ളതും നേട്ടമാകുമെന്ന് ബി.ജെ.പി. കണക്കാക്കുന്നു. നര്‍മദ ജലം എല്ലായിടത്തും എത്തിച്ചത് അവര്‍ മുഖ്യപ്രചാരണവിഷയമാക്കി. ദ്വാരകയിലെ കൈയേറ്റം ഒഴിപ്പിച്ചതും മുതലാക്കി. കേശോദ് മണ്ഡലത്തില്‍ വിമതനുണ്ട്.
സൂറത്ത് കേന്ദ്രമായ തെക്കന്‍ഗുജറാത്തിലെ ഏഴുജില്ലകളിലെ 35 മണ്ഡലങ്ങളിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ബി.ജെ.പി.ക്ക് പരമ്പരാഗതമായി മേധാവിത്വമുള്ള മേഖലയാണിത്. 2017-ല്‍ ബി.ജെ.പി.ക്ക് 25-ഉം കോണ്‍ഗ്രസിന് എട്ടും സഖ്യകക്ഷിയായ ബി.ടി.പി.ക്ക് രണ്ടും സീറ്റുകള്‍ കിട്ടി.
14 ആദിവാസി സംവരണ മണ്ഡലങ്ങള്‍ തെക്കന്‍ ഗുജറാത്തിലുണ്ട്. കോണ്‍ഗ്രസിന്റെ ഏഴുസീറ്റുകളും ഇവിടെനിന്നായിരുന്നു. രണ്ട് സംവരണ മണ്ഡലങ്ങള്‍ ബി.ടി.പി.ക്കു കിട്ടി. ഇത്തവണ ബി.ടി.പി. തനിച്ചാണ് മത്സരിക്കുന്നത്.
Content Highlights: gujarat assembly election 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..