താനെ: പുറകില്‍ വിവാഹ പന്തല്‍ കത്തിയമരുമ്പോള്‍ അത്  കാര്യമാക്കാതെ ഭക്ഷണം കഴിക്കുന്ന യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വിവാഹ പന്തലില്‍ തീ ആളിപ്പടരുമ്പോഴും അതിഥികള്‍ വിവാഹ സത്കാരത്തില്‍ വിളമ്പിയ ഭക്ഷണം ആസ്വദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ താനെയിലെ ഭിവണ്ടിയിലാണ് സംഭവം. 

പശ്ചാത്തലത്തില്‍ ആളിക്കത്തുന്ന തീയേക്കുറിച്ച് ആശങ്കയില്ലാതെ രണ്ട് യുവാക്കള്‍ ഭക്ഷണം ആസ്വദിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ മറ്റുള്ളവര്‍ തിരക്കുകൂട്ടുമ്പോള്‍ കഴിച്ചുകൊണ്ടിരുന്നതില്‍ ഒരാള്‍ മാത്രം ആശയക്കുഴപ്പത്തില്‍ തിരിഞ്ഞുനോക്കുന്നത് കാണാം. എന്നാല്‍ അയാള്‍ അത് കാര്യമായെടുക്കാതെ ഭക്ഷണം കഴിക്കുന്നത് തുടരുന്നു. വീഡിയോ പങ്കുവെച്ചയുടനെ തന്നെ നിരവധി പേരാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

താനെയിലെ വിവാഹ മണ്ഡപത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് പടക്കം പൊട്ടിത്തെറിച്ച് തീപ്പിടിത്തമുണ്ടായത്. ആറ് ഇരുചക്രവാഹനങ്ങളും കസേരകളും അലങ്കാരവസ്തുക്കളും കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് നാല് ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാന്‍ സ്ഥലത്തെത്തി. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: Guests keeps eating as fire broke in wedding hall, Video went viral