നൗഷെറ(കശ്മീര്‍): അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരവേ നിയന്ത്രണരേഖയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സൈന്യം. പാകിസ്താനില്‍ നിന്നുണ്ടാകുന്ന ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ സജ്ജരാണെന്ന് സൈന്യം അറിയിച്ചു.

ഞങ്ങള്‍ സദാസമയവും ജാഗരൂകരാണ്. സുരക്ഷ ഉയര്‍ത്തിയിട്ടുണ്ട്. നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട് -നിയന്ത്രണ രേഖയിലെ നൗഷെറ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സപ്തംബര്‍ 28ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഭിംബറിന് എതിരെയുള്ള സെക്ടറാണ് നൗഷെര്‍. സൈന്യം ഒരു സംഘം മാധ്യമപ്രവര്‍ത്തകരെ നിയന്ത്രണ രേഖയില്‍ എത്തിച്ച് സ്ഥിതിഗതികള്‍ വിവരിക്കുകയും ചെയ്തു.

നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണ്. സൈനികരും വലിയ ആവേശത്തിലാണ്. ഞങ്ങള്‍ 24 മണിക്കൂറും ഏത് തിരിച്ചടിയെയും നേരിടാന്‍ സജ്ജരാണ് -ഒരു സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

നിയന്ത്രണരേഖയില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഡിഫന്‍സ് പിആര്‍ഒ മനീഷ് മെഹ്തയും അറിയിച്ചു.

മിന്നലാക്രമണത്തിന് ശേഷം 26 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വെടിവെപ്പില്‍ ഇതുവരെ നാല് സൈനികര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ദസറ, മുഹറം ആഘോഷങ്ങള്‍ നടക്കുന്നതിനിടെ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പാക് ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്രമം ലക്ഷ്യമിട്ട് കശ്മീരിലേക്ക് 250 ഭീകരര്‍ നുഴഞ്ഞുകയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.