ഹൈദരാബാദ്:  21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ജിഎസ്ടിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഹൈദരാബാദില്‍ പ്രജ്ഞാ ഭാരതി എന്ന സംഘടന സംഘടിപ്പിച്ച ഇന്ത്യ- ആന്‍ എക്കണോമിക് സൂപ്പര്‍ പവര്‍ ബൈ 2030 എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.

2030ഓടെ സാമ്പത്തിക സൂപ്പര്‍ പവര്‍ ആകണമെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച പ്രതിവര്‍ഷം 10 ശതമാനമായിരിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. മാത്രമല്ല സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരത രത്‌ന നല്‍കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. 

ഇന്ത്യ എട്ട് ശതമാനത്തോളം വളര്‍ച്ച കൈവരിച്ച സമയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നരസിംഹ റാവുവിന്റെ പരിഷ്‌കരണങ്ങള്‍ക്ക് ശേഷം നമ്മള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ 3.7 ശതമാനം കൂടി വളരേണ്ടതുണ്ട്. അത് നേടിയെടുക്കണമെന്നുണ്ടെങ്കില്‍ അഴിമതി നിയന്ത്രിക്കുകയും നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുകയും വേണം. നിക്ഷേപകരെ ആദായനികുതി, ജിഎസ്ടി എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തരുത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ജിഎസ്ടി. അത് വളരെ സങ്കീര്‍ണമാണ്, ഏത് ഫോറമാണ് വേണ്ടതെന്നും എവിടെയാണ് പൂരിപ്പിക്കേണ്ടതെന്നും ആര്‍ക്കുമറിയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

അടുത്ത 10 വര്‍ഷത്തേക്ക് 10 ശതമാനം വളര്‍ച്ച നിലനിര്‍ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് സൂപ്പര്‍ പവര്‍ ആകാന്‍ സാധിക്കൂവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് തുടരുകയാണെങ്കില്‍ 50 വര്‍ഷം കൊണ്ട് ചൈനയേയും അമേരിക്കയേയും മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കൈയില്‍ ചിലവഴിക്കാന്‍ പണമില്ലാത്തതാണ് വിപണിയെ ബാധിച്ചിരിക്കുന്നത്. ഇതാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടാനും അഴിമതി ഇല്ലാതാക്കാനും ആദായനികുതി ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

1990കളില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കൊണ്ടുവന്നതിന് നരസിംഹ റാവുവിന് ഭാരത രത്‌ന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ മന്‍മോഹന്‍ സിങ് ധനമന്ത്രി ആയിരുന്നതാണ് പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കാന്‍ സഹായകമായത്. ഇതിന് ശേഷം ഇന്ത്യ പടിപടിയായി എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ നരസിംഹ റാവു കൊണ്ടുവന്ന പരിഷ്‌കരണങ്ങളെ നമ്മള്‍ മുന്നോട്ടുകൊണ്ടുപോയില്ല. നമ്മള്‍ അതിപ്പോള്‍ ചെയ്യേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ 2030 ഓടെ ഇന്ത്യ സൂപ്പര്‍ പവര്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു

Content Highlights: GST the 'Biggest Madness of 21st Century', Says BJP MP Subramanian Swamy