ന്യൂഡല്‍ഹി:  രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ തീരുമാനം. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ വില അപാകതയ്ക്ക് ഇതോടെ പരിഹാരമാവും. തീരുമാനം നടപ്പിലാവുന്നതോടെ മരുന്ന് വിലയില്‍ വലിയ കുറവുണ്ടാവും. 

വില്‍പ്പന നടത്തുന്ന 73 ശതമാനം മരുന്നുകള്‍ക്ക് 12 ശതമാനം ജിഎസ്ടിയും 27 ശതമാനം മരുന്നുകള്‍ക്ക് 5 ശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത് കേന്ദ്ര എക്‌സൈസ് ആന്റ് കസ്റ്റംസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ജീവന്‍ രക്ഷാമരുന്നുകളുടെ പട്ടികയായിരുന്നു. ഇതില്‍ പല മരുന്നുകളും ഇപ്പോള്‍ നിലവിലില്ല. ഇത് വന്‍ വിമര്‍ശത്തിന് കാരണമായിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. 

രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതായത് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്ന മരുന്നുകള്‍ക്ക് ഏഴ് ശതമാനം ജിഎസ്ടി വിലകുറച്ചു. ഇതോടെ മരുന്ന് വിലയില്‍ വന്‍ കുറവുണ്ടാവും.

ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങള്‍ക്കാവും. സംസ്ഥാനത്ത് ഇതുമൂലം പ്രതിവര്‍ഷം 700 കോടി രൂപയുടെ പ്രയോജനം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാവുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മരുന്നിന് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ പഴയ വിലയിലുളള മരുന്നുകള്‍ മുന്‍ വിലയില്‍ വില്‍ക്കാനാവില്ല.

ഒന്നുകില്‍ പുതുക്കിയ മരുന്ന് വില കവറുകള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിക്കണം. അല്ലെങ്കില്‍ പഴയ വിലയിലുള്ള മരുന്നുകള്‍ കമ്പനികള്‍ തിരിച്ചെടുത്ത് കമ്പ്യൂട്ടറിലെ സോഫ്റ്റ് വെയറുകള്‍ മാറ്റം വരുത്തണം. ഇതിന് ഏറെ കാലതാമസം നേരിടേണ്ടതായി വരും. ഇത് മരുന്ന് ക്ഷാമത്തിന് വഴി തുറക്കുമെന്നാണ് കണക്കുകൂട്ടുന്നത്.