ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.എസ്.ടിയില്‍ വന്‍ പൊളിച്ചുപണി. 

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. 

26 ഉത്പന്നങ്ങളുടെ നികുതിയില്‍ മാറ്റം വരുത്താന്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. നിരവധി ഉത്പന്നങ്ങളുടെ നികുതി 12-ല്‍ നിന്ന് അഞ്ച് ശതമാനമാക്കി നിജപ്പെടുത്തി.

ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്ന് മാസത്തെ ഇടവേളയില്‍ ഇനി വര്‍ഷത്തില്‍ നാല് തവണ മാത്രം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതാണ് ജിഎസ്ടി കൗണ്‍സിലെടുത്ത നിര്‍ണായക തീരുമാനം.

ഇതോടെ ജിഎസ്ടി നടപ്പാക്കിയത് മൂലമുണ്ടായ സ്തംഭനാവസ്ഥ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍....

 • കയറ്റുമതി വ്യാപാരികള്‍ക്കായി ഡിജിറ്റല്‍ ഈ വാലറ്റ്. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് പ്രവര്‍ത്തനസജ്ജമാക്കും. 
 • എ.സി. റെസ്റ്റോറന്റുകളിലെ നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയില്ലെന്ന് ധനമന്ത്രി; തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍
 • കയറ്റുമതി വ്യാപാരികള്‍ക്കായുള്ള തിരിച്ചു നല്‍കാനുള്ള നികുതി തുക ഒക്ടോബര്‍ പത്ത് മുതല്‍ കൊടുത്തു തുടങ്ങും. 0.1 ശതമാനം ജിഎസ്ടി കയറ്റുമതിക്ക് ഏര്‍പ്പെടുത്തും. 
 • കോമ്പോസിഷന്‍ സ്‌കീമിന്റെ പരിതി 75 ലക്ഷത്തില്‍ നിന്ന് ഒരു കോടിയാക്കി ഉയര്‍ത്തി. സ്‌കീമില്‍ ഉള്‍പ്പെട്ട വ്യാപാരികള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തി. 
 • ഉത്പാദകര്‍ക്ക് 2 ശതമാനവും ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവും നികുതി കോമ്പോസിഷന്‍ നികുതിയില്‍ ഉള്‍പ്പെടുത്തി ഈടാക്കും. 
 • ടെക്‌സറ്റൈല്‍ ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമാക്കി കുറച്ചു
 • കരകൗശല വസ്തുകളുടെ ജിഎസ്ടി പന്ത്രണ്ടില്‍ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കിയേക്കുമെന്നും സൂചനയുണ്ട്. 
 • 50,000 രൂപയ്ക്ക് വരെ സ്വര്‍ണം വാങ്ങുന്നതിന് ഇളവ്. 
 • 50,000 മുതല്‍ 2,00,000 ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് വേണ്ട. 
 • ബ്രാന്‍ഡഡ് അല്ലാത ആയുര്‍വേദ മരുന്നുകളുടെ നികുതി 12-ല്‍ നിന്ന് അഞ്ച് ശതമാനമാക്കി.
 • കയറ്റുമതിക്കാരുടെ നികുതി തിരിച്ചു കൊടുക്കന്നത് വേഗത്തിലാക്കും. 
 • അറുപതോളം ഉത്പന്നങ്ങളുടെ വില കുറഞ്ഞേക്കും എന്ന് സൂചന
 • കയര്‍ ഉത്പന്നങ്ങളുടെ നികുതി 12-ല്‍ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചു.
 • സ്വര്‍ണ-രത്‌നവ്യാപരത്തെ കള്ളപ്പണ തടയല്‍ നികുതിയില്‍ നിന്നൊഴിവാക്കിയതോടെ ഇവയുടെ വ്യാപാരം കൂടുതല്‍ ലളിതമാക്കും. 
 • ഡീസല്‍ എഞ്ചിനുകളുടെ പാര്‍ട്‌സിന് വില കുറയും

ജിഎസ്ടി നടപ്പാക്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന് ജിഎസ്ടി കൗണ്‍സിലിന്റെ 22-ാം യോഗം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത്.

ഗുവാഹത്തിയില്‍ വച്ചു നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ ഉത്പന്നങ്ങളുടെ നികുതി പുനപരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.