ന്യൂഡല്‍ഹി: കേരളത്തിന് രണ്ടുവര്‍ഷത്തേക്ക് ഒരുശതമാനം പ്രളയ് സെസ് ഈടാക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ അനുമതി നല്കി. മാത്രമല്ല ജി.എസ്.ടി രജിസ്ട്രേഷന് പരിധി 20 ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താനും ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചതാണ് ഇക്കാര്യം.
കേരളത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഉണ്ടായത്. ദേശീയ തലത്തില്‍ ഇത്തരമൊരു സെസ് പിരിക്കാനായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് മറ്റ് സംസ്ഥാനങ്ങള്‍ അനുകൂലമായിരുന്നില്ല. ദേശീയ തലത്തില്‍ സെസ് പിരിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു മന്ത്രിതല ഉപസമിതിയും എടുത്ത നിലപാട്. എന്നാല്‍ കേരളത്തില്‍ മാത്രം സെസ് പിരിക്കാമെന്ന ധാരണയിലേക്ക് ഉപസമിതി എത്തിയിരുന്നു. ഇവര്‍ നല്കിയ ശുപാര്‍ശ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തതിന് ശേഷം രണ്ടുവര്‍ഷത്തേക്ക് സെസ് പിരിക്കാന്‍ കേരളത്തിന് അനുമതി നല്‍കുകയായിരുന്നു.
ഇതിലൂടെ പ്രളയക്കെടുതി നേരിടാനായി വലിയൊരു തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തണമെന്നകാര്യം ഇനി കേരളത്തിന് തീരുമാനിക്കാം. ഇക്കാര്യം ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് തോമസ് ഐസക്ക് അറിയിച്ചിരുന്നത്.
കേരളത്തിനുള്ളില്‍ നടക്കുന്ന വില്‍പ്പനകള്‍ക്ക് മാത്രം സെസ് ഏര്‍പ്പെടുത്താനാണ് അനുമതി. ഇതിലൂടെ ഒരുവര്‍ഷം 500 കോടിരൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അവശ്യ സാധനങ്ങള്‍ ഒഴിവാക്കി മറ്റുത്പന്നങ്ങള്‍ക്ക് മേല്‍ കേരളത്തില്‍ സെസ് ചുമത്തിയേക്കുമെന്നാണ് വിവരങ്ങള്‍. ഇതുകൂടാതെ സേവന ദാതാക്കള്‍ക്ക് അനുമാന നികുതി ജി.എസ്.ടി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറുശതമാനമാകും അനുമാന നികുതി.
Content Highlights: GST Council gave permission for imposing 1% cess in Kerala For Flood Relief
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..