ന്യൂഡല്‍ഹി: ഓര്‍ഡര്‍ എടുക്കുന്ന ഭക്ഷണശാലകള്‍ക്ക് പകരം, ഇനിമുതല്‍ സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളില്‍ നിന്ന് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വെള്ളിയാഴ്ച വൈകുന്നേരം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഭക്ഷണ വിതരണ ആപ്പുകളില്‍നിന്ന് പുതിയ നികുതികള്‍ ഒന്നും ഈടാക്കുന്നില്ലെന്നും ജി.എസ്.ടി. ഈടാക്കുന്ന കേന്ദ്രം മാറുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും റെവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് വ്യക്തമാക്കി. നിലവില്‍ റസ്റ്റോറന്റുകളാണ് നികുതി നല്‍കുന്നത്. അത് മാറുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നു ചേർന്ന ജിഎസ്ടി കൗണ്‍സില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അംഗങ്ങള്‍ നിലപാട് സ്വീകരിച്ചതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരേണ്ട സമയമല്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ കരുതുന്നതിനാല്‍ ഇത് ഹൈക്കോടതിയെ അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരള ഹൈക്കോടതിയില്‍ സമർപ്പിക്കപ്പെട്ട റിട്ട് ഹര്‍ജിയെ തുടർന്നാണ് പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജിഎസ്ടി കൗണ്‍സിലിനോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്.

Content highlights: GST Council's Decision On Food Delivery Apps Such As Swiggy, Zomato likely to be tomorrow