ധനമന്ത്രി നിർമല സീതാരാമൻ | Photo:ANI
ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ നിലപാട് മാറ്റി കേന്ദ്രം. സംസ്ഥാനങ്ങള്‍ക്കുളള ജി.എസ്.ടി. വിഹിതം1.1 ലക്ഷം കോടി രൂപ കടമെടുത്ത് കേന്ദ്രം നല്‍കും. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു നിലപാടിലേക്ക് മാറിയത്.
കഴിഞ്ഞ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായ ഒരു നിലപാടിലാണ് കേന്ദ്ര ധനമന്ത്രാലയം മാറ്റം വരുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ തന്നെ നേരിട്ട് വായ്പയെടുക്കണമെന്നും അതിന്റെ പലിശയും മുതലും ജി.എസ്.ടി. വിഹിതത്തില്‍ നിന്നും കേന്ദ്രം അടച്ചുതീര്‍ക്കും എന്നുമായിരുന്നു കേന്ദ്രം ആദ്യം നിലപാട് എടുത്തത്.
ഇതിനെതിരെ കേരളം ഉള്‍പ്പടെയുളള പത്തുസംസ്ഥാനങ്ങള്‍ ശക്തമായ നിലപാട് എടുത്തിരുന്നു. കേന്ദ്രം തന്നെ നേരിട്ട് വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടതെന്ന് കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.
കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആര്‍.ബി.ഐ. വഴി പ്രത്യേക ജാലക സംവിധാനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരുകളുടെ മൂലധന രസീതായാണ് ഇത് പ്രതിഫലിക്കുകയെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനങ്ങള്‍ വായ്പയെടുക്കുന്നതിന് പകരം കേന്ദ്രം വായ്പയെടുക്കുന്നതാണ് ഉചിതമെന്ന നിര്‍ദേശമാണ് റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് നല്‍കിയത്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ പലിശയില്‍ കുറവുണ്ടാകുമെന്നും ആര്‍.ബി.ഐ. സൂചിപ്പിച്ചിരുന്നു.
Content Highlights:GST Compensation: Centre to borrow 1.1.lakh crore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..