ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് വീണ്ടും പങ്കുവെച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് പിന്‍വലിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിഷ്‌കരിച്ച ടൂള്‍കിറ്റ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്. 

ഇന്ത്യയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ടവര്‍ തയ്യാറാക്കിയ ടുള്‍കിറ്റാണിത്. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂള്‍കിറ്റ് രേഖയില്‍ വീശദീകരിക്കുന്നത്. 

തന്റെ കഴിഞ്ഞ ട്വീറ്റിനൊപ്പം നല്‍കിയ ടൂള്‍കിറ്റ് രേഖ പഴയതായതിനാല്‍ ബന്ധപ്പെട്ടവര്‍ അതുപിന്‍വലിച്ചുവെന്നും ഗ്രെറ്റ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ട്വീറ്റ് ഗ്രെറ്റ പിന്‍വലിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടൂള്‍കിറ്റ് ഗ്രെറ്റ പങ്കുവെച്ചത്. 

ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാന്‍ ഈ രേഖയില്‍ പറയുന്നു. കര്‍ഷകരെ പിന്തുണച്ച് #FarmersProtest, #StandWithFarmers എന്നീ ഹാഷ്ടാഗില്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിക്കുന്നു. 

കര്‍ഷകസമരത്തെ അനുകൂലിച്ച് ഗ്രെറ്റ ത്യുന്‍ബേ അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ് വസ്തുതകള്‍ പരിശോധിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും വേണമെന്നും  സെന്‍സേഷന്‍ ഉണ്ടാക്കുന്ന ഹാഷ്ടാഗുകളും അഭിപ്രായങ്ങളും പ്രശസ്തരുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിരുത്തരവാദപരവുമാണെന്നും മന്ത്രാലം വ്യക്തമാക്കിയിരുന്നു. 

content highlights: Greta Thunberg Tweets Toolkit On Farmers' Protest, Deletes, Shares Update