ഗ്രെറ്റ ത്യുൻബെ | ഫോട്ടോ : AFP
ന്യൂഡല്‍ഹി :കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഗ്രെറ്റ ത്യുൻബെയുടെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖലിസ്താന്‍ അനുകൂല സംഘടനയെന്ന് ഡല്‍ഹി പോലീസ്. ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന പീസ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ ഇടപെടലുണ്ട് എന്നാണ് ഡല്‍ഹി പോലീസ് ആരോപിക്കുന്നത്. ഖാലിസ്ഥാന്‍ വാദിയായ വ്യക്തിയുടെ സഹകരണത്തോടെ ആരംഭിച്ച സ്ഥാപനമാണ് പീസ് ഫോര്‍ ജസ്റ്റിസ്. വിഷയത്തിൽ അജ്ഞാതരായ വ്യക്തികൾക്ക് നേരെ പോലീസ് കേസെടുത്തു.
കേസെടുത്തതിനു പിന്നാലെ ഡല്‍ഹി പൊലീസ് ഗൂഗിളിന് വിശദാംശം ആവശ്യപ്പെട്ട് കത്തും നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് കഴിഞ്ഞ ദിവസം ഗ്രെറ്റ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പരിഷ്കരിച്ച ടൂള്‍കിറ്റും ഗ്രെറ്റ ട്വീറ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാന്‍ ഈ രേഖയില്‍ പറയുന്നു. കര്‍ഷകരെ പിന്തുണച്ച് #FarmersProtest, #StandWithFarmers എന്നീ ഹാഷ്ടാഗില് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിക്കുന്നുണ്ട്.
ടൂള്‍കിറ്റ്' വിഷയം ഗൗരവപൂര്‍ണമായ ഒന്നാണെന്നും ചില വിദേശ ഘടകങ്ങള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തുന്നതിന് തെളിവാണിതെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹി പോലീസ് കേസെടുത്തതും ഖലിസ്ഥാന്‍ ആരോപണവുമായി രംഗത്തു വരുന്നതും.
content highlights: Greta's farmer protest toolkit: pro-Khalistan group behind document says police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..