ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കഴിവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ അവരുടെ സഖ്യങ്ങള്‍ക്കോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളാണ് അവര്‍ ബി.ജെ.പിക്കെതിരെ ആയുധമാക്കുന്നതെന്നും മോദി ആരോപിച്ചു. ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ എന്ന നിലയിലും പ്രതിപക്ഷം എന്ന നിലയിലും പരാജയപ്പെട്ടവരാണ് അവര്‍. തെരഞ്ഞെടുപ്പില്‍ യാതൊരു വെല്ലുവിളികളും ഞാന്‍ കാണുന്നില്ല. നയങ്ങളുടെ പേരില്‍ ഏറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ നുണകളുടെ മേല്‍ എങ്ങനെ ഏറ്റുമുട്ടണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. മുഖത്തോട് മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രതിപക്ഷ മഹാസഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അവരുടെ നേതൃത്വം ആര്‍ക്കെന്നത് അവ്യക്തമാണ്. അവര്‍ക്ക് കൃത്യമായ നയങ്ങളില്ല. അഴിമതി മാത്രമാണ് അവരുടെ ലക്ഷ്യം- മോദി പരിഹസിച്ചു. വാജ്പേയി എന്ന നേതാവിനോടുള്ള ബഹുമാനാര്‍ത്ഥം 'അജയ് ഭാരത് അടല്‍ ബി.ജെ.പി' എന്നതായിരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും മോദി പ്രഖ്യാപിച്ചു.
നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെപ്പറ്റി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. പാര്‍ട്ടിയുടെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തീരുമാനിക്കുന്നതിനുമാണ് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നത്. അതേസമയം നിര്‍വാഹകസമിതി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ രാമക്ഷേത്രം, റാഫേല്‍ ഇടപാട് എന്നിവയെ കുറിച്ച് ബി.ജെ.പി മൗനം പാലിച്ചു.
content highlights: grand alliance will fail: PM Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..