ഗുവാഹട്ടി: സി.എ.എ. വിരുദ്ധ പ്രക്ഷോഭകാരിയുടെ ചുവര്‍ചിത്രം പോലിസ് മായ്പിച്ചതിനെതിരെ അസമില്‍ വന്‍പ്രതിഷേധം. സി.എ.എ. വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് കഴിഞ്ഞ ഒരു കൊല്ലമായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ത്ഥി നേതാവ് അഖില്‍ ഗൊഗായിയുടെ ചിത്രങ്ങള്‍ നിരവധി ഇടങ്ങളില്‍ വരച്ചുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനയായ സത്ര മുക്തി സംഗ്രം സമിതിയാണ് പ്രതിഷേധത്തിന് പുതിയ രൂപവും ഭാവവവും നല്‍കിയത്.

ഗുവാഹട്ടി ദേശീയപാതയില്‍ ഒരു കൂട്ടം ചിത്രകാരന്മാര്‍ വരച്ച ഗൊഗൊയിയുടെ ചുവര്‍ചിത്രം വ്യാഴാഴ്ച പോലിസ് മായ്പിച്ചിരുന്നു. ചിത്രം വരച്ചവരെയും ഇതിന് നേതൃത്വം നല്‍കിയ എസ്.എം.എസ്.എസ്. ജനറല്‍ സെക്രട്ടറി പ്രഞ്ജാള്‍ കലിതയെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്രം മായ്പിച്ചതിനു  ശേഷമാണ് പോലിസ് ഇവരെ വിട്ടയച്ചത്.

ഒന്നിനു പുറകെ മറ്റൊന്നായി കേസുകള്‍ ചുമത്തി ഗൊഗൊയി ജയില്‍വാസം തുടരുന്നുണ്ടെന്ന് അസമിലെ ബി.ജെ.പി. സര്‍ക്കാര്‍ ഉറപ്പുവരുത്തുകയാണെന്ന് എസ്.എം.എസ്.എസ്. ആരോപിച്ചു. ഗൊഗൊയിയെ മോചിപ്പിക്കുന്നതുവരെ  പ്രക്ഷോഭം തുടരുമെന്നും  സംഘടന വ്യക്തമാക്കി. 

സി.എ.എ .വിരുദ്ധ പ്രക്ഷോഭകാരിയുടെ ചിത്രം വരച്ചവര്‍ അസമില്‍ അറസ്റ്റില്‍

Content Highlights: Graffiti and posters in support of jailed anti CAA activist