റായ്പുര്‍: രാജ്യത്ത് നിന്ന് മാവോയിസ്റ്റ് ഭീഷണി തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സിആർപിഎഫ് ജവാന്മാർ വീരമൃത്യു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഢില്‍ സന്ദര്‍ശനം നടത്തവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഉന്നതതല യോഗത്തിലും അമിത് ഷാ പങ്കെടുത്തു.

അമിത് ഷായ്ക്ക് പുറമെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, കേന്ദ്ര സംസ്ഥാന സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം സൂക്ഷിച്ച ജഗ്ദല്‍പുരിലെത്തി അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

കൊല്ലപ്പെട്ട ജവാന്‍മാരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കൂടുംബാംഗങ്ങളുടെ വേദനയില്‍ രാജ്യം മുഴുവന്‍ പങ്കുചേരുകയാണ്. നക്‌സലുകള്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കാനുള്ള പോരാട്ടം തുടരുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് അവസാനം വരെ കൂടുതല്‍ തീവ്രതയോടെ തുടരും. ഈ പോരാട്ടത്തില്‍ നമ്മുടെ വിജയം സുനിശ്ചിതമാണ്- അമിത് ഷാ പറഞ്ഞു.

Content Highlights: Govt will end Maoist menace, says Amit Shah on Chhattisgarh visit