ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള ആഹ്വാനത്തിനിടെ നാണയങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചെലവിന്റെ കണക്കുകള്‍ പുറത്ത്. ഒരു രൂപ നാണയം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഒരു രൂപ 11 പൈസ ചെലവാണെന്നതാണ് വിവരാവകാശ രേഖകളില്‍ നിന്ന് ലഭ്യമായ രസകരമായ വസ്തുത. 

വിവരാവകാശ നിയമ പ്രകാരം നാണയങ്ങളുടെ നിര്‍മ്മാണച്ചെലവ് ചോദിച്ചുകൊണ്ട് ഇന്ത്യാ ടുഡേ നല്‍കിയ അപേക്ഷയില്‍ കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു രൂപ നാണയത്തിന് പുറമേ നിലവില്‍ ഉപയോഗത്തിലുള്ള രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങളുടെ നിര്‍മ്മാണച്ചെലവും ലഭ്യമായിട്ടുണ്ട്. 

രണ്ട് രൂപ നാണയം നിര്‍മ്മിക്കാന്‍ ഒരു രൂപ 28 പൈസയും അഞ്ച്, പത്ത് രൂപാ നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ യഥാക്രമം 3.69 രൂപ, 5.54 രൂപ എന്നിങ്ങനെയുമാണ് ചെലവ്. മുംബൈയിലെ ഇന്ത്യാ ഗവണ്‍മെന്റ് മിന്റിലാണ് നിലവില്‍ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളേക്കാള്‍ കുറവ് നാണയങ്ങളാണ് 2018ല്‍ നിര്‍മ്മിച്ചതെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.

Content Highlight: Govt spends Rs 1.11 to mint a Re 1 coin