ശ്രീനഗർ: രാജ്യത്തിന് വേണ്ടി രക്തസാക്ഷികള്‍ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്മീരിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും വീരമൃത്യു വരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സി.ആർ.പി.എഫ് ജവാന്മാര്‍ എന്നിവരുടെ പേരുകൾ നൽകും.

ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കതുവ, സാംബ, റമ്പാൻ, കിഷ്‌ത്വാർ, ഉധംപൂർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് ഡിവിഷണൽ കമ്മീഷണർ കത്തെഴുതി. രക്തസാക്ഷികളുടെ പേരുകൾ നൽകാൻ സാധിക്കുന്ന സർക്കാർ സ്കൂളുകളുടെ വിവരങ്ങൾ കണ്ടെത്തണമെന്നാണ് കത്തിൽ പറയുന്നത്.

ഇതിന് വേണ്ടി വിവര ശേഖരണത്തിന് ജമ്മു കശ്മീർ സർക്കാർ -  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ജില്ലാതലത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ യഥാർത്ഥ ജനാധിപത്യത്തിനും വികസനത്തിനും സാക്ഷ്യം വഹിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ പഞ്ചാബ് സർക്കാരും ഇത്തരത്തിൽ വിവിധ ജില്ലകളിലെ സ്കൂളുകളുടെ പേരുകൾ മാറ്റിയിരുന്നു. 17 സ്കൂളുകളുടെ പേരുകളാണ് ഇത്തരത്തിൽ പഞ്ചാബ് സർക്കാർ മാറ്റിയത്. പതിനാലിലേറെ സ്കൂളുകളുടെ പേരുകൾ മാറ്റുമെന്ന് സർക്കാർ അറിയിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളുടേയും സംഭാവനകളും പരിഗണിച്ചാണ് സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റും പ്രമുഖ വ്യക്തികളുടേയും പേരുകൾ പഞ്ചാബ് സർക്കാർ സ്കൂളുകൾക്ക് നൽകിയത്.

Content highlights: Govt schools to be renamed after martyred police, Army, CRPF personnel in jammu kashmir