ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍നിന്ന് വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്വകാര്യ മേഖലയില്‍ നിന്ന് വിവിപാറ്റ് യന്ത്രങ്ങള്‍ വാങ്ങുന്നത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
വിവിപാറ്റ് യന്ത്രങ്ങളുടെ നിര്‍മാണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് 2016 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കേന്ദ്ര നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് മൂന്ന് തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇത്രയും തന്ത്രപ്രധാനമായ ജോലി സ്വകാര്യമേഖലയെ ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നസീം സെയ്ദി മറുപടി നല്‍കിയത്.
പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ബെംഗളൂരു, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈദരാബാദ് എന്നിവടങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷിനും വിവിപാറ്റും നിര്‍മിക്കുന്നത്.
2013-ലാണ് പൊതുതിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്ന്, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം നടപ്പാക്കുമെന്ന് കമ്മീഷന്‍ മറുപടി നല്‍കുകയായിരുന്നു.
Content Highlights: VVPAT, Central Government, Election Commission, General Election, Electronic voting machine, Law Ministry.