ന്യൂഡല്‍ഹി: സവാളയുടെ വില വര്‍ധന കണക്കിലെടുത്ത് അതിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിക്കഴിഞ്ഞു.
സവാളയുടെ വില കഴിഞ്ഞ പത്ത് ദിവസമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായിട്ടുള്ളതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
സെപ്റ്റംബറില്‍ സവാളയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പാക്കാനായിരുന്നു ഇത്. ഇതോടെ ഒരു പരിധിവരെ വില പിടിച്ചുനിര്‍ത്താനായി. എന്നാല്‍ സവാള കൃഷിചെയ്യുന്ന മഹാരാഷ്ട്രാ, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Govt Relaxes Import Norms for Onions Till Dec 15